കൊച്ചി: കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുകയാണ്. അതിനിടയിലാണ് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതി വിധിയും ചർച്ചയാകുന്നത്. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂൾ മാനേജ്മെന്‍റുകൾക്ക് ഉണ്ടെന്നും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വിധിക്കാനാകില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി 2018 ൽ വ്യക്തമാക്കിയത്.
കേസും വിധിയും ഇങ്ങനെ
തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളാണ് സ്കൂളിൽ ഹിജാബും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. സഹോദരങ്ങളായ ഫാത്തിമ തസ്‌നീം, ഹഫ്‌സ പർവീൻ എന്നിവർ നൽകിയ ഹർജി പക്ഷേ ഹൈക്കോടതി 2018 ൽ തള്ളിക്കളയുകയായിരുന്നു.
തങ്ങൾ മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും ഇസ്‌ലാമിക വിശ്വാസത്തിന്റെ അനുയായികളാന്നും അതനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഫാത്തിമയും ഹഫ്‌സയും വാദിച്ചത്. ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.
സ്‌കൂൾ യൂണിഫോം കോഡിന് പുറമെ ഹിജാബ് ധരിക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി, സ്വകാര്യ സ്ഥാപനത്തിന് മൗലികാവകാശം പ്രധാനമാണെന്നും വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.