മുംബൈ: അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ (IPL 2022) ഫ്രാഞ്ചൈസിക്കും പേരായി. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് ‘ഗുജറാത്ത് ടൈറ്റന്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര് സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗിക പേര് പുറത്തുവിട്ടത്.
🔊 Here's more about our name, before you 'Remember The Name'! 😊 #GujaratTitans pic.twitter.com/UA1KcjT1Hr
— Gujarat Titans (@gujarat_titans) February 9, 2022
കെ എല്‍ രാഹുലിന്റെ (KL Rahul) കീഴിലിറങ്ങുന്ന ലഖ്നൗ ഫ്രൗഞ്ചൈസി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്ന പേര് സ്വീകരിച്ചിരുന്നു. ഇതോടെ എല്ലാ ടീമുകളും മെഗാതാര ലേലത്തിന് തയ്യാറായി. ഈയാഴ്ച ബംഗളൂരുവിലാണ് ഐപിഎല്ലിന്റെ മെഗാ താരലേലം. ഇതിനിടെയാണ് ടീം പേര് പുറത്തുവിട്ടിരിക്കുന്നത്. ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെക്കൂടാതെ അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനെയും ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെയും ടൈറ്റന്‍സ് വാങ്ങിയിരുന്നു.
Shubh Aarambh! #GujaratTitans
— Gujarat Titans (@gujarat_titans) February 9, 2022
മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ്‍, ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ആശിഷ് നെഹ്റ, മുന്‍ ഇംഗ്ലണ്ട് താരം വിക്രം സോളങ്കി എന്നിവര്‍ ടീമിന്റെ പരിശീലക സംഘത്തിലുണ്ട്. അഹമ്മദാബാദിന് 52 കോടിയാണ് ലേലത്തില്‍ ചിലവഴിക്കാനാവുക. ലഖ്‌നൗവിന് 58 കോടി പേഴ്സിലുണ്ട്.