ബെംഗലൂരു: റണ്‍സേറെ വഴങ്ങുന്നതിന്‍റെ പേരില്‍ ഒരുകാലത്ത് ഐപിഎല്ലിലും(IPL) ഇന്ത്യന്‍ ടീമിലുമെല്ലാം(Team India) ഏറെ പഴി കേട്ടിട്ടുള്ള ബൗളറാണ് മുഹമ്മദ് സിറാജ്(Mohammed Siraj). എന്നാല്‍ 2020-21ലെ ഓസ്ട്രേലിയന്‍(Aus vs Ind) പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയശേഷം സിറാജ് വ്യത്യസ്തനായ ബൗളറായി മാറി. ഐപിഎല്ലിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്ന സിറാജ് ഇന്ത്യയുടെയും ബാംഗ്ലൂരിന്‍റെയും വിശ്വസ്ത ബൗളര്‍മാരിലൊരാളാണിന്ന്. വേഗവും സ്വിംഗും ഒരുപോലെ സമന്വയിക്കുന്ന സിറാജ് കൃത്യതകൂടി പാലിക്കാന്‍ തുടങ്ങിയതോടെ എതിരാളികള്‍ ഭയക്കുന്ന ബൗളറായി മാറി.
എന്നാല്‍ 2019ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ തന്നോട് ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോവാന്‍ പറഞ്ഞ ആളുകളുണ്ടെന്ന് തുറന്നു പറയുകയാണ് സിറാജ്. 2019ലെ ഐപിഎല്ലില്‍ ഒമ്പത് കളികളില്‍ ഏഴ് വിക്കറ്റ് മാത്രം വീഴ്ത്തിയ സിറാജ് ഓവറില്‍ 10ന് അടുത്ത് റണ്‍സ് വഴങ്ങിയിരുന്നു. സിറാജിന്‍റെ പ്രകടനം ബാംഗ്ലൂരിന്‍റെ പ്രകടനത്തെയും സാരമായി ബാധിച്ചിരുന്നു. സീസണിന്‍റെ തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ തോറ്റു. കൊല്‍ക്കത്തെക്കെതിരായ ഒരു മത്സരത്തില്‍ 2.2 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത സിറാജ് അഞ്ച് സിക്സും വഴങ്ങി.
കൊല്‍ക്കത്തക്കെതിരെ രണ്ട് ബീമറുകള്‍ എറിഞ്ഞപ്പോള്‍ ക്രിക്കറ്റ് മതിയാക്കി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പൊയ്ക്കൂടെ എന്ന് ചോദിച്ചവരുണ്ടെന്ന് സിറാജ് ആര്‍സിബി പോഡ്കാസ്റ്റില്‍ പറഞ്ഞു. അത്തരത്തില്‍ നിരവധി കമന്‍റുകളാണ് ആളുകളുടെ ഭാഗത്തു നിന്ന് വന്നത്. എന്നാല്‍ ഇവിടെ വരെയെത്താനുള്ള എന്‍റെ കഠിനാധ്വാനം അവരാരും കണ്ടില്ല. എന്നാല്‍ എന്നെ ഐപിഎല്ലിലേക്ക് ആദ്യമായി തെരഞ്ഞെടുത്തപ്പോള്‍ ധോണി ഭായ് പറഞ്ഞ ഉപദേശമാണ് ഞാന്‍ എല്ലായ്പ്പോഴും ഓര്‍ക്കാറുള്ളത്.
പുറത്തുനില്‍ക്കുന്നവര്‍ പലതും പറയും, അതിനൊന്നും ചെവികൊടുക്കരുതെന്ന്. മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ നിന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടും. മോശം പ്രകടനം നടത്തിയാല്‍ അതേ ആളുകള്‍ തന്നെ ചീത്ത വിളിക്കും. അതൊന്നും കാര്യമായി എടുക്കേണ്ട എന്നായിരുന്നു ധോണി ഭായ് പറഞ്ഞത്. എന്നെ ട്രോളിയവര്‍ തന്നെയാണ് ഇപ്പോള്‍ എന്നോട് നിങ്ങള്‍ മികച്ച ബൗളറാണെന്ന് പറയുന്നതും. അതുകൊണ്ടുതന്നെ ആരുടെയും അഭിപ്രായം ഞാന്‍ കേള്‍ക്കാറില്ല. പണ്ടത്തെ സിറാജ് തന്നെയാണ് ഞാനിപ്പോഴും.
2020ലെ ഐപിഎല്‍ കഴിഞ്ഞപ്പോള്‍ പിതാവിന്‍റെ അസുഖം കൂടുതലാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും സിറാജ് പറഞ്ഞു. ഓരോ തവണ വീട്ടിലേക്ക് വിളിക്കുമ്പോഴും ഞാന്‍ കരയുകയായിരുന്നു. അച്ഛന് ഫോണ്‍ കൊടുക്കാന്‍ പറയുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നോ വിശ്രമത്തിലാണെന്നോ എന്നൊക്കെയാണ് അവരെല്ലാം പറയുക. അപ്പോള്‍ ശരി ശല്യം ചെയ്യേണ്ടെന്ന് ഞാന്‍ പറയും. എന്നാല്‍ ഐപിഎല്ലിനുശേഷം വീട്ടില്‍ പോവാതെ ബയോ ബബ്ബിളില്‍ നിന്ന് നേരെ ഓസ്ട്രേലിയയില്‍ എത്തിയശേഷമാണ് പിതാവിന്‍റെ സ്ഥിതി ഗുരുതരമാണെന്ന് ഞാന്‍ മനസിലാക്കുന്നത്.
ഇത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞ് ഞാന്‍ കുടുംബാംഗങ്ങളോട് വഴക്കുകൂടി. എന്‍റെ കരിയറിനെയും ഏകാഗ്രതയെയും ബധിക്കരുതെന്ന് കരുതിയാണ് പറയാതിരുന്നതെന്ന് അവര്‍ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു. ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഐപിഎല്‍ കഴിഞ്ഞ് അദ്ദേഹത്തെ ഒന്നു കാണാനെങ്കിലും തനിക്ക് പറ്റുമായിരുന്നുവെന്ന് ഞാനവരോട് പറഞ്ഞു. അദ്ദേഹത്തോട് അവസാനം സംസാരിച്ചപ്പോള്‍ രാജ്യത്തിനുവേണ്ടി കളിയില്‍ ശ്രദ്ധിക്കാനും സ്വപ്നം സാക്ഷാത്കരിക്കാനുമായിരുന്നു പറഞ്ഞത്.
അത് മാത്രമായിരുന്നു എന്‍റെ മനസില്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പിതാവ് മരിച്ചപ്പോഴും ഞാന്‍ നാട്ടിലേക്ക് വരാതിരുന്നതും അതുകൊണ്ടാണ്. എന്‍റെ ചിത്രം അച്ചടിച്ചുവരുന്ന പത്ര കട്ടിംഗുകളെല്ലാം അദ്ദേഹം വെട്ടിയെടുത്ത് സൂക്ഷിക്കുമായിരുന്നു. ഞാന്‍ രാജ്യത്തിനായി കളിക്കുന്നതില്‍ അദ്ദേഹം എത്രമാത്രം അഭിമാനം കൊള്ളുന്നുണ്ടാവുമെന്ന തിരിച്ചറിവിലാണ് താന്‍ ഓസ്ട്രേലിയയില്‍ തുടര്‍ന്നതെന്നും സിറാജ് പറഞ്ഞു.