ബെംഗളൂരു: ഹിജാബ് വിവാദം ഉടലെടുത്ത കുന്ദാപുരയിലെ കോളേജിന് സമീപത്തുനിന്ന് മാരകായുധങ്ങളുമായി രണ്ടുപേരെ പിടികൂടി. ഗംഗോളി സ്വദേശികളായ റജബ്(41) അബ്ദുള്‍ മജീദ്(32) എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ അബ്ദുള്‍ മജീദ് ഏഴ് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കഴിഞ്ഞദിവസം ഹിജാബ് വിവാദത്തില്‍ പ്രതിഷേധം നടന്ന സ്ഥലത്താണ് ഇവരുള്‍പ്പെടുന്ന അഞ്ചംഗസംഘം ചുറ്റിക്കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായവര്‍ക്ക് ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി ബന്ധമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
‘സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കി മൂന്നുപേര്‍ ഒളിവിലാണ്. അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവരാരും പ്രദേശവാസികളല്ല, എല്ലാവരും ഗംഗോളിയില്‍നിന്ന് വന്നവരാണ്. മാത്രമല്ല കൈവശം കത്തിയും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്’, ഉഡുപ്പി എ.എസ്.പി. എസ്.ടി. സിദ്ധലിംഗപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
Karnataka: Two people arrested for carrying ‘lethal weapons’ near the Government PU College in Kundapur under Udupi district where students' hijab row is ongoing; three others managed to flee. Both accused hail from Gangolli, a village near Kundapur. A case has been registered. pic.twitter.com/saS6irtQ0L
— ANI (@ANI) February 7, 2022
അതിനിടെ, ഹിജാബ്-കാവി ഷാള്‍ വിവാദം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിച്ചതോടെ രണ്ട് കോളേജുകള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചിക്കമംഗളൂരു ഐ.ഡി.എസ്.ജി. കോളേജില്‍ ഇരുവിഭാഗം തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യവുമുണ്ടായി. ഈ കോളേജില്‍ ഹിജാബ് ധരിക്കുന്നവരെ പിന്തുണച്ച് ദളിത് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. നീല വസ്ത്രമണിഞ്ഞാണ് ദളിത് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തിയത്.
നേരത്തെ ഹിജാബ് വിവാദം ഉടലെടുത്ത കുന്ദാപുര ഗവ. ജൂനിയര്‍ പി.യു. കോളേജില്‍ തിങ്കളാഴ്ച ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ കാമ്പസില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ പ്രത്യേക ക്ലാസ് മുറിയില്‍ ഇരുത്തിയതും ക്ലാസെടുക്കാതിരുന്നതും വിവാദത്തിനിടയാക്കി. കോളേജ് ഗേറ്റിന് പുറത്ത് കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് വിദ്യാര്‍ഥിനികളെ കോളേജിനകത്തേക്ക് പ്രവേശിപ്പിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ വിദ്യാര്‍ഥിനികളെ ക്ലാസില്‍ ഇരുത്താനാകൂ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. എന്നാല്‍ ഹിജാബ് ഒഴിവാക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥിനികളും ഉറച്ചുനിന്നു.
കുന്ദാപുരയിലെ കലവര വരദരാജ് എം. ഷെട്ടി ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഹിജാബ് ഒഴിവാക്കി ക്ലാസിലേക്ക് പ്രവേശിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞാണ് വിദ്യാര്‍ഥിനികളെ തിരിച്ചയച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.