വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനഫലങ്ങളിലെ പാളിച്ചകളെപ്പറ്റി യാത്രക്കാരുടെ വ്യാപക പരാതി. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് പരിശോധന ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിനകത്തെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. പരിശോധയിലെ പാളിച്ചകൾ നേരിട്ടന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ഡിഎംഒയെ ചുമതലപ്പെടുത്തിയെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.
48 മണിക്കൂറിനകമെടുത്ത ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ, വിദേശത്തേക്ക് പറക്കാനാകൂ. ഇത്തരത്തിൽ പരിശോധന നടത്താൻ കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജീകരിച്ച ലാബിനെതിരെയാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം ദുബായിലേക്ക് യാത്രപുറപ്പെട്ട കോഴിക്കോട് സ്വദേശി ലതീഷിന്‍റെ അനുഭവം കേൾക്കുക. യാത്രക്ക് മുന്നോടിയായി വിമാനത്താവളത്തിന് പുറത്ത് നിന്നെടുത്ത പരിശോധന ഫലം നെഗറ്റിവ്. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് യാത്ര നഷ്ടമായി. ഫലത്തിൽ സംശയം തോന്നി പുറത്തുവന്ന് പരിശോധിച്ചപ്പോൾ ഫലം വീണ്ടും നെഗറ്റീവ്. ഇതിന് പിന്നാലെ യാത്രക്കാരന്‍ ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
സമാനരീതിയിൽ, കഴിഞ്ഞയാഴ്ച പത്തുപേർക്കെങ്കിലും യാത്ര നഷ്ടമായെന്നാണ് വിവരം. മറ്റൊരിടത്ത് പരിശോധ നടത്തുമ്പോൾ ഇവരെല്ലാം നെഗറ്റീവ്. ജില്ലാ ഭരണകൂടം ടെണ്ടർ വഴി നിയമിച്ച സ്വകാര്യ ലാബുകളാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്. പരാതി വ്യാപകമായതോടെയാണ്, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. മലപ്പുറം അഡീഷണൽ ഡിഎംഒ , കരിപ്പൂർ വിമാനത്താവളത്തിലെത്തിലെ ക്രമക്കേടുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതേസമയം പരിശോധനയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ പ്രതികരണം.