ഖജനാവിലേക്കെത്തുന്ന ഒരു രൂപയില്‍ 58 പൈസയും നികുതിയില്‍ നിന്ന്; ചെലവഴിക്കുന്നതില്‍ ഏറ്റവുമധികം കടം വാങ്ങിയതിന്റെ പലിശ നല്‍കാന്‍

0
254

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന ഒരു രൂപയില്‍ 58 പൈസയും നികുതിയിനത്തില്‍ ലഭിക്കുന്നതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 35 പൈസ കടം വാങ്ങുന്നതില്‍ നിന്നും രണ്ട് പൈസ നികുതി ഇതര വരുമാനത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.

ശേഷിക്കുന്ന രണ്ട് പൈസ കടം ഇതര മൂലധന രസീതുകളില്‍ (Non-Debt Capital Recipt) നിന്നും ഖജനാവിലേക്കെത്തുന്നതായാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം സര്‍ക്കാര്‍ ഖജനാവിലേക്ക് ചരക്ക് സേവന നികുതിയില്‍ നിന്നും 16 പൈസയും കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നും 15 പൈസയുമാണ് ഒരു രൂപയില്‍ നിന്നും ലഭിക്കുന്നത്.

യൂണിയന്‍ എക്‌സൈസ് നികുതിയില്‍ നിന്നും 7 പൈസയും കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും 5 പൈസയുമാണ് സര്‍ക്കാര്‍ നേടാന്‍ ഉദ്ദേശിക്കുന്നത്. ആദായ നികുതിയില്‍ നിന്നും 15 പൈസയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

കടം വാങ്ങുന്നതില്‍ നിന്നും 35 പൈസയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും സര്‍ക്കാര്‍ നേടാനുദ്ദേശിക്കുന്നത്.

കടം വാങ്ങിയ തുകയുടെ പലിശ നല്‍കാനാണ് ഏറ്റവുമധികം തുക ചെലവാക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരു രൂപയില്‍ നിന്നും 20 പൈസയാണ് കടം തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ഖജനാവിലെത്തുന്ന ഒരു രൂപയില്‍ നിന്നും 15 പൈസ കേന്ദ്ര പദ്ധതികള്‍ക്കും, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 9 പൈസയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 8 പൈസയുമാണ് ചെലവാക്കുന്നത്.

ഫിനാന്‍സ് കമ്മീഷന് വേണ്ടി 10 പൈസയും സബ്‌സിഡികള്‍ക്കും പെന്‍ഷനും യഥാക്രമം എട്ടും നാലും പൈസയുമാണ് ചെലവാക്കുന്നത്. മറ്റു ചെലവുകള്‍ക്കായി ഒമ്പത് പൈസയും ഇത്തരത്തില്‍ ചെലവഴിക്കും.

ചൊവ്വാഴ്ചയായിരുന്നു കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കൊവിഡ് സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്‌സിനേഷന്‍ ഗുണം ചെയ്തെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം ഏറെ വളര്‍ച്ച നേടി. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പി.എം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

പി.എം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും.

2022-23ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

എല്‍.ഐ.സി ഐ.പി.ഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.

ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പി.എം ഇ-വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങും.

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here