ഉപ്പള:(www.mediavisionnews.in) മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള നഗരത്തിലും ദേശിയ പാതയോരത്തെയും മാലിന്യപ്രശ്നത്തിൽ പൊറുതിമുട്ടി ജനങ്ങൾ.
ചില ഉദ്യോഗസ്ഥരുടെ നിസംഗതയാണ് മാലിന്യം നീക്കം ചെയ്യുന്നതിന് തടസമാകുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
നയാബസാർ മുതൽ ഉപ്പള ഗേറ്റ് വരെയുള്ള പാതയോരങ്ങളിൽ ലോഡ് കണക്കിന് മാലിന്യങ്ങളാണ് കുമിഞ്ഞ് കൂടിയിരിക്കുന്നത്. വലിയ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ട് തള്ളിയിരിക്കുന്നത്.
ഇതിൽ കോഴി, ഇറച്ചി കടകളിൽ നിന്നുള്ള അറവ് മാലിന്യങ്ങളാണ് ഏറെയും.
കഴിഞ്ഞ ഒരു വർഷത്തിനിടെ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത ഇനത്തിലെ തുക നൽകാത്തതിനാലാണ് മാലിന്യം നീക്കം ചെയ്യാൻ ഇപ്പോൾ ആരും തന്നെ മുന്നോട്ട് വരാത്തത്.
ജെ.സി.ബിയും ടിപ്പറും വാടകക്കെടുത്ത് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശിയ പാതയോരത്ത് നിന്നും മാലിന്യം നീക്കം ചെയ്ത വ്യക്തികൾ അവർക്ക് കിട്ടാനുള്ള തുകയ്ക്ക് വേണ്ടി ഒരു വർഷത്തിലേറെയായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണ്.
പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ താൽപ്പര്യം കാട്ടുന്നില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതായി അവർ പറയുന്നു.
മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ പഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥർ ഇതിന് തടസം നിൽക്കുന്നതായും ആക്ഷേപമുണ്ട്.
ഹരിത കർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഫ്ലാറ്റുകളിൽ നിന്നും മറ്റു സ്ഥലങ്ങളിലും നിന്നും വാഹനങ്ങളിൽ കൊണ്ട് വന്ന് രാത്രിയുടെ മറവിലാണ് പാതയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത്. അസഹ്യമായ ദുർഗന്ധവും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് മലിന ജലം റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും കാരണം നഗരമധ്യത്തിലെ കാൽനടയാത്ര പോലും ദുസഹമാക്കുന്നു. മൃഗങ്ങൾ മാലിന്യം കടിച്ചു വലിക്കുന്നതും കൊതുകുകളും ഈച്ചകളും പെരുകുന്നതും കാരണം പകർച്ച വ്യാധികൾ പടരുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും.
പൊതുനിരത്തുകളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ നാല് മാസം മുമ്പ് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് തീരുമാനമെടുത്തിരുന്നു. അതിൻ്റെ ഭാഗമായി മാലിന്യം തള്ളിയ മുപ്പതോളം വാഹന ഉടമകൾക്ക് 3000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകുകയും ഇത്തരക്കാരെ പിടികൂടാൻ സ്ക്വാഡ് അംഗങ്ങളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടികൾ പ്രഹസനമാവുകയും മാസങ്ങൾ പിന്നിടുമ്പോൾ ഉപ്പള വീണ്ടും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്യുന്ന കാഴ്ച്ചയാണ്.