കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.
രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചു.
അതേസമയം, 50 ആളുകളില്‍ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സി.പി.ഐ.എം കാസര്‍കോഡ് ജില്ലാ സമ്മേളനത്തിന്റെ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് പുതിയ നടപടി.
മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സമ്മേളനം ശനിയാഴ്ച സമാപിക്കും.
കാസര്‍കോഡ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിലും സമ്മേളനവുമായി മുന്നോട്ടു പോവാനുള്ള സി.പി.ഐ.എമ്മിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്.
150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 185 പേരാണ് പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.