ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം.
ജില്ലയിൽ ജനുവരി 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം സെക്ഷൻ26, 30, 34 പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടത്.
പൊതു ചടങ്ങുകളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ ഇത്തരം ചടങ്ങുകളില്‍ പൊലീസ് നിരീക്ഷണം കൂടി ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍ ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തി ജനങ്ങളെ ബോധവല്‍കരിക്കും. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബോധവല്‍കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. കൊവിഡ് ടെസ്റ്റ് ലാബ് സൗകര്യം ഇല്ലാത്ത മേഖലകളില്‍ മൊബൈല്‍ ടെസ്റ്റ് ലാബ് ഏര്‍പ്പെടുത്താന്‍ ഡിഎംഒയുമായി ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.