ലക്‌നൗ: സമാജ് വാദി പാര്‍ട്ടി തലവനും യുപി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങ് എന്നിവരില്‍ നിന്നാണ് അപര്‍ണ ബിജെപി അംഗത്വം സ്വീകരിച്ചത്.
രാജ്യമാണ് തനിക്ക് എല്ലായിപ്പോഴും മുഖ്യമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ബിജെപി അംഗത്വം എടുത്തശേഷം അപര്‍ണാ യാദവ് പറഞ്ഞു. ബിജെപി അംഗത്വം നല്‍കിയതിന് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അപര്‍ണ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. മുലായം സിങ് യാദവിന്റെ ഇളയമകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണാ യാദവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണ ലക്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ റീത്താ ബഹുഗുണാ ജോഷിയോട് പരാജയപ്പെട്ടു.
മുന്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്‌സിലും ഇന്റര്‍നാഷണല്‍ റിലേന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബിജെപിയെ ഞെട്ടിച്ച് നിരവധി എംഎല്‍എമാരും നേതാക്കളും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് തിരിച്ചടിയായാണ് മുലായത്തിന്റെ കുടുംബത്തിൽ നിന്നും ഒരാളെ ബിജെപിയിലെത്തിച്ചത്.
I am very thankful to BJP. The nation always comes first for me. I admire PM Modi's work, Aparna Yadav said after joining BJP ahead of UP Assembly polls 2022 pic.twitter.com/hybygKL79G
— ANI (@ANI) January 19, 2022