കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദ​ഗ്ധർ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും വർധന

0
232

തിരുവനന്തപുരം: കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദ​ഗ്ധർ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

പരിശോദന നടത്തുന്ന മൂന്നിലൊരാൾക്ക് രോ​ഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആർ എക്കാലത്തേയും വലിയ നിരക്കിൽ . രണ്ടാം തരം​ഗത്തിൽ 29.5ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ൊരു ലക്ഷണവും ഇല്ലാതെയോ രോ​ഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെൽറ്റയല്ല ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോ​ഗ്യ വിദ​ഗധർ ഉറപ്പിക്കുന്നത്.

ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ ശരാശരി 79456 കേസുകൾ ചികിൽസിൽ ഉണ്ടായിരുന്നതിൽ 0.8ശതമാനം പേർക്ക് മാത്രമണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നതെങ്കിൽ 41ശതമാനമായി വർധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വർധനയുണ്ട്. 10ശതമാനമാണ് വെന്റിലേറ്റർ ചികിൽസ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങൾ വേണ്ടവരിലെ വർധന 29ശതമാനവുമായിട്ടുണ്ട്. സി എഫ് എൽ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ​ഘട്ടത്തിൽ സർക്കാർ. അല്ലാത്ത പക്ഷം കൊവിഡ് തീവ്ര പരിചരണം ഉൾപ്പെടെ പാളാൻ സാധ്യത ഉണ്ട്.

ഇതിനിടയിലാണ്  രണ്ട് ഡോസ് വാക്സിനും എടുത്തവരിലെ രോ​ഗബാധ , ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരിൽ 58 ശതമാനവും രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരിൽ 25 ശതമാനവും. 31, 875 പേർ. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകൾക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാൽ ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ ഒമിക്രോൺ പരിശോധനയ്ക്ക് സംവിധാനമില്ലാതെ മുടന്തുന്ന സംസ്ഥാനത്ത് പകരം സംവിധാനത്തിനായി നെട്ടോട്ടത്തിലാണ് സർക്കാർ. കോഴിക്കോട്ടെ സ്വകാര്യ ഡോക്ടർമാർ നടത്തിയ ഒമിക്രോൺ സ്ക്രിനിങ് പരിശോധനാരീതിയുടെ സാധ്യത സർക്കാരിനും പരിഗണിക്കാവുന്നതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

രാജീവ് ഗാന്ധി സെന്ററിൽ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ വൈറസിലെ എസ് ജീൻ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്.ഐസിഎംആർ അനുമതി നൽകിയ പരിശോധന കിറ്റുകളും എത്തിത്തുടങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here