”കേസെടുത്തോളൂ, ഞാനും ആർഎസ്എസ് വിമർശകയാണ്”-കേരള പൊലീസിനെതിരെ വിമർശനവുമായി നജ്ദ റൈഹാൻ

0
263

ആർഎസ്എസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട 90ഓളം പേർക്കെതിരെ കേരള പൊലീസ് പരാതികളൊന്നുമില്ലാതെ കേസെടുത്തത് സർക്കാറിന്റെ ഹിന്ദുത്വ വിധേയത്വം പ്രകടമാക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മുസ്‌ലിം സമുദായത്തിനെതിരെ വംശീയ ഉന്മൂലനം ലക്ഷ്യംവച്ചുള്ള നിരവധി ആഹ്വാനങ്ങൾ പൊതു ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഉണ്ടാകുമ്പോൾ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പൊലീസാണ് ഇതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ കേസെടുക്കാൻ അമിതാവേശം കാണിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ കുറ്റപ്പെടുത്തി.

ബുള്ളി ബായ് എന്നപേരിൽ മുസ്‌ലിം വിദ്യാർത്ഥിനികളെ സോഷ്യൽമീഡിയയിൽ വിൽപനയ്ക്കുവച്ചതുമായി ബന്ധപ്പെട്ട പരാതി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കും മുഖ്യമന്ത്രിക്കുതന്നെയും നേരിട്ട് നൽകി നാളുകൾ കഴിഞ്ഞിട്ടും കേസെടുത്തില്ല. ഇതു തുറന്നുകാണിച്ചവർക്കെതിരേ കേസെടുക്കുകയും അവരുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരിക്കുന്നു. കരുതൽതടങ്കലിന്റെ പേരിലും പ്രതികരണങ്ങളുടെ പേരിലുമുള്ള പൊലീസ്‌വേട്ട കേവലമായ അമിതാധികാര പ്രയോഗം എന്നതിലുപരി മുസ്‌ലിം വിഷയങ്ങളിലുള്ള ഇടപെടലുകളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ്-ഫേസ്ബുക്ക് കുറിപ്പിൽ നജ്ദ ആരോപിച്ചു.

പൗരത്വ സമരകാലത്ത് കടകളടച്ച് പ്രതികരിച്ചവരെയും പൊലീസ് സമാനമായ രീതിയിൽ വേട്ടയാടിയത് ചേർത്തുവായിക്കേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കാൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകുമെന്നും നജ്ദ അറിയിച്ചു. ആർഎസ്എസ് വംശീയ ഉന്മൂലനം ലക്ഷ്യംവയ്ക്കുന്ന പ്രസ്ഥാനമാണ്. അതിനെതിരെ വ്യത്യസ്ത ആവിഷ്‌കാരങ്ങൾകൊണ്ടും ഇടപെടലുകളിലൂടെയും പ്രതിരോധിക്കുക തന്നെ ചെയ്യും. പിണറായിയുടെ ഹിന്ദുത്വ പൊലീസിനെതിരെ പ്രതിഷേധങ്ങൾ തീർക്കുക.

ഇതൊരു ആർഎസ്എസ് വിരുദ്ധവും അതേസമയം കേരള പൊലീസിന്റെ ആർഎസ്എസ് ദാസ്യം ഉന്നയിക്കുകയും ചെയ്യുന്ന പോസ്റ്റാണെന്നും കേസെടുക്കാമെന്നും നജ്ദ റൈഹാൻ വ്യക്തമാക്കി.

https://bit.ly/3nBcT54

LEAVE A REPLY

Please enter your comment!
Please enter your name here