മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു.
തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏകദിനത്തിലും കോലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതേച്ചൊല്ലി ഇന്ത്യൻ ക്രിക്കറ്റിൽ വൻ വിവാദങ്ങളാണ് അരങ്ങേറിയത്.