തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും പുതിയ സര്‍ക്കാര്‍ അത്ര പോരെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചില ആശങ്കകളും വിമര്‍ശങ്ങളും പ്രതിനിധികള്‍ ഉന്നയിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ഭരണത്തിലൂടെ അധികാരത്തിലേറിയ രണ്ടാം സര്‍ക്കാര്‍ മികവുതെളിയിക്കുന്നില്ലെന്നാണ് മിക്ക ഏരിയകളില്‍ നിന്നും സംസാരിച്ച പ്രതിനിധികള്‍ വിമര്‍ശിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഒരു ചടുലതയും ഊര്‍ജവുമുണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇതുവരെയും അത്തരത്തിലൊരു ചലനശേഷി പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.
ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ട്. തദ്ദേശഭരണ വകുപ്പ് നിര്‍ജീവമാണെന്നും വിമര്‍ശമുണ്ടായി.
കെ-റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷന്‍ തട്ടാനാണ് കെ-റെയില്‍ പദ്ധതിയെന്ന് രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിയുന്നില്ല. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.