ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെയ്‌നര്‍ ലോറി കാറുകളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി പത്തരയോടെ ബംഗളൂരു ഇലക്ടോണിക് സിറ്റിക്ക് സമീപമായിരുന്നു അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കണ്ടെയ്‌നര്‍ ലോറി കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഈ കാര്‍ മുമ്പില്‍ ഉണ്ടായിരുന്ന മറ്റൊരു കാറിലും, ആ കാര്‍ മുന്നില്‍ ഉണ്ടായിരുന്ന ഒരു ലോറിയിലും ചെന്ന് ഇടിച്ചു. ലോറി ചെന്ന് ഇടിച്ച കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതേ കാറില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെയാണ് തിരിച്ചറിയാന്‍ ഉള്ളത്.
ലോറികള്‍ക്ക് ഇടയില്‍ പെട്ട കാറുകള്‍ പൂര്‍ണ്ണമായും നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് സ്വദേശിയായ അപര്‍ണയുടെ പേരില്‍ ഉള്ളതാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.