ദില്ലി: കൊവിഡ് (Covid 19), ഒമിക്രോണ്‍ (Omicron) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.
24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്‍റെ വർധനയാണിത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയർന്നിട്ടുണ്ട്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും മുൻപില്‍ എന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 377 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 3007 ആയിട്ടുണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.
ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പില്‍ കമ്മീഷന്‍ എന്ത് നിലപാടെടുക്കുമെന്നതിലാണ് ആകാംഷ. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവി മുന്നറിയിപ്പ് നല്‍കി.