തിരൂരങ്ങാടി: തെന്നല പഞ്ചായത്ത് മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ചതിന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. 200പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിലായിരുന്നു പൊതുയോഗം. അതേസമയം, കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ കേസില്ലാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് പരാതി.