ബംഗളൂരൂ: കർണാടകയിൽ പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ കാവി സ്‌കാർഫ് ധരിച്ചെത്തി. ബലഗാഡിയിലെ ഒരു കോളേജിലാണ് സംഭവം. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.
ക്ലാസിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്നാണ് അവരുടെ ആവശ്യം. അതേസമയം, ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവയ്‌ക്കണം എന്നുമാണ് കോളേജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
മൂന്ന് വർഷത്തിന് മുമ്പും ഹിജാബിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ എത്തിയിരുന്നു. ശിരോവസ്ത്രം യൂണിഫോം കോഡിനു വിരുദ്ധമാണെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന വാദം. അന്നത്തെ പ്രതിഷേധത്തിനൊടുവിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോളേജ് നിലപാട് വ്യക്തമാക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പുറത്താക്കിയത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവച്ചു. പിന്നീട് കളക്ടറുടെ ഇടപെടലിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു.