ഒമിക്രോണ്‍ വ്യാപനം; പുതുവത്സരാഘോഷത്തില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്

0
237

തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാത്രി പത്തുമണി വരെ മാത്രമേ പുതുവത്സരാഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു.

പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. ദേവാലയങ്ങളിലും ഈ നിയന്ത്രണം ബാധകമാണ്.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ പത്ത് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നിലവില്‍ വന്നത്. പിഴ അടക്കമുള്ള കടുത്ത നടപടികള്‍ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.

ഒമിക്രോണ്‍ വര്‍ധിച്ചിരുന്ന വരുന്ന സാഹചര്യമയാതിനാല്‍ പുതുവത്സരാഘോഷം കരുതലോടെ വേണമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ആളുകള്‍ കൂടുന്നിടത്ത് വായു സഞ്ചാരം ഉറപ്പാക്കണമെന്നും കടകളില്‍ അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഒമിക്രോണ്‍ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.

ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദ്ദേശം.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മണി തൊട്ട് രാവിലെ 5 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക.

ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here