കൊവിഡ് കുതിക്കുന്നു, സഊദിയിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി, ഇരു ഹറമുകളിലും നിയന്ത്രണം കടുപ്പിച്ചു

0
254

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകൾ ക്രമതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകൾ നാളെ (വ്യാഴം) രാവിലെ ഏഴു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.

ഇരു ഹറമുകളിലും നിസ്കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രമായിരുക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. നാളെ (വ്യാഴം) മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ശാരീരിക അകലം പാലിക്കുന്ന നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി ഇരു ഹറം കാര്യാലയ വകുപ്പ് ഔദ്യോഗിക ഉറവിടം അറിയിച്ചു. രാജ്യത്തെ മുഴുവൻ പള്ളികളിലും സമാനമായ മുൻകരുതൽ നടപടികൾ പൂർണ്ണമായും പാലിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും ഉത്തരവിറക്കിയിട്ടുണ്ട്.

 

 

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആരാധകർക്കിടയിൽ ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മറ്റു പ്രതിരോധ നടപടികൾ വീണ്ടും പ്രാബല്യത്തിൽ വരുത്തും. ഇരു ഹറമുകളിലേക്കുള്ള എല്ലാ സന്ദർശകരും ജോലിക്കാരും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത, മാസ്ക് ധരിക്കുക, അംഗീകൃത അപേക്ഷകൾ നൽകുന്ന പെർമിറ്റുകൾ അനുസരിച്ച് പ്രവേശന തീയതികൾ പാലിക്കുക, ശാരീരിക അകലം പാലിക്കുക, എന്നിവ ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു.

 

 

രാജ്യത്ത് ബുധനാഴ്ച 742 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സഊദി അറേബ്യ, യു എ ഇ രാജ്യങ്ങളെ ഖത്തർ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി. പബ്ലിക് ഹെൽത്ത് അതോറിറ്റി റെഡ്‌ലിസ്റ്റ് പരിഷ്‌കരിച്ച ലിസ്റ്റ് ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here