എല്ലാ ജില്ലകളിലും ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍; ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പുതിയ പദ്ധതി

0
227

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ പൊലീസ് സംഘം. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്‍റെ ചുമതല. എല്ലാ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍ രൂപീകരിക്കും. സംസ്ഥാന തലത്തിൽ എഡിജിപി റാങ്കിലൊരു നോഡൽ ഓഫീസറുണ്ടാകും. സംസ്ഥാനത്ത് ഗുണ്ടാ-ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലും കുടിപ്പകയും വർദ്ധിച്ച സാഹചര്യമാണ് നിലവില്‍.

ഗുണ്ടകള്‍- ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവർത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ എന്നിവ സംഘം പരിശോധിക്കും. ഗുണ്ടാക്കുടിപ്പകയും കൊലപാതങ്ങളും ഒഴിവാക്കാനായി മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയാവും ഈ സംഘത്തിൻെറ ചുമതല. എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകള്‍ മുമ്പ് പ്രവർത്തിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവികള്‍ സ്ക്വാഡുകള്‍ പിരിച്ചുവിട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറ നിർജ്ജീവമായി. ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമർച്ച ചെയ്യാൻ സംഘടിതമായ പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സർക്കാരിന് ഡിജിപി ശുപാർശ നൽകിയത്. ഈ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പുതിയ സംഘത്തിൽ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here