മുൻ ഭാര്യയ്‌ക്ക് കൊട്ടാരങ്ങളും ആഭരണങ്ങളും നോക്കി നടത്താൻ ദുബായ് ഭരണാധികാരി നൽകേണ്ടത് 700 മില്യൺ ഡോളറിലധികം; റെക്കാഡ് തുക വിധിച്ച് കോടതി

0
470

ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമും മുൻ ഭാര്യയും തമ്മിലുള‌ള കേസിൽ റെക്കാ‌ഡ് തുക വിധിയുമായി ലണ്ടനിലെ കോടതി. സ്വത്തിന്റെ അവകാശത്തിന്റെ പേരിലെ കേസിൽ ഷെയ്‌ഖ് മുഹമ്മദിന്റെ ആറാം ഭാര്യയായിരുന്ന ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് 554 മില്യൺ പൗണ്ട് (ഏകദേശം 733 മില്യൺ ഡോളർ) ഷെയ്‌ഖ് നൽകാനാണ് കോടതി വിധിച്ചത്.

രാജകുമാരിക്കും ഇവരുടെ രണ്ട് മക്കൾക്കും ആജീവനാന്ത സുരക്ഷ ഉറപ്പാക്കാനാണ് ഇത്രയും തുക നൽകേണ്ടി വരിക. സുരക്ഷയ്ക്കായുള‌ള തുകയല്ല വിവാഹബന്ധം തകർന്നതിലൂടെ ലഭിക്കേണ്ട നഷ്‌ടപരിഹാരമാണ് ഷെയ്‌ഖ് നൽകേണ്ടതെന്ന് കോടതിയിൽ വിധി പ്രഖ്യാപിച്ച ജഡ്ജി ഫിലിപ് മൂർ പറഞ്ഞു.

തുകയിൽ 251.5 മില്യൺ പൗണ്ട് മൂന്ന് മാസത്തിനകം ഹയയ്‌ക്ക് നൽകണം. ഹയയുടെ ബ്രിട്ടീഷ് മാളികകൾ സംരക്ഷിക്കാനും ആഭരണങ്ങൾക്കും ഓട്ടപന്തയത്തിനുപയോഗിക്കുന്ന കുതിരകൾക്കുമായി അവർ പറഞ്ഞ തുക അടയ്‌ക്കണമെന്നും കോടതി പറഞ്ഞു. ഈ തുക ഒറ്റ തവണയായി തന്നെ നൽകണം.

മക്കളായ ജലീല (14), സയിദ്(9) എന്നിവർക്ക് മൂന്ന് മില്യൺ പൗണ്ട് വിദ്യാഭ്യാസത്തിനായി നൽകണം. കൊടുക്കാനുള‌ള 9.6 മില്യൺ പൗണ്ടും നൽകണം. കുട്ടികൾ വളരുമ്പോൾ അവരുടെ പരിപാലനത്തിനും സുരക്ഷയ്‌ക്കും വർഷം 11.2 മില്യൺ പൗണ്ട് നൽകണം. എച്ച്എസ്‌ബിസി ബാങ്കിന്റെ 290 മില്യൺ പൗണ്ട് സെക്യുരിറ്രി നിക്ഷേപം വഴി ഇത് ഉറപ്പാക്കണം.

റെക്കാഡ് തുക നൽകണമെന്നാണ് കോടതി വിധിച്ചതെങ്കിലും ഹയ ആവശ്യപ്പെട്ട 1.4 ബില്യൺ പൗണ്ടിന്റെ പകുതി മാത്രമാണ് നൽകാൻ കോടതി വിധിച്ചത്. തനിക്കും മക്കൾക്കും മേലുള‌ള ഷെയ്‌ഖ് മുഹമ്മദിന്റെ സ്വാധീനത്തിൽ നിന്നും തങ്ങൾക്ക് പുറത്തുകടക്കണമെന്നും ഹയ കോടതിയിൽ ആവശ്യപ്പെട്ടു.

തന്റെ അംഗരക്ഷകരിൽ ഒരാളുമായി ഹയയ്‌ക്ക് ബന്ധമുണ്ടായതിനെ തുടർന്നുള‌ള പ്രശ്‌നങ്ങൾ കാരണമാണ് ഇവർ മക്കളുമൊത്ത് ലണ്ടനിലെത്തിയത്. ഈ പ്രശ്‌നത്തിൽ ഷെയ്‌ഖ് മുഹമ്മദിനോട് ഹയ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷെയ്‌ഖിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടായതായാണ് ഹയ വെളിപ്പെടുത്തുന്നത്.

ഹയയുടെയും അഭിഭാഷകരുടെയും ഫോൺകോളുകൾ പെഗാസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ചോ‌ർത്താൻ ഷെയ്‌ഖ് മുഹമ്മദ് ആവശ്യപ്പെട്ട വിവരം കുറച്ചുനാൾ മുൻപ് പുറത്തുവന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here