കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് വിദഗ്ധസമിതി

0
220

കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) നിര്‍ദ്ദേശം. കുട്ടികള്‍ക്ക് വലിയ അപകടസാധ്യത ഇല്ലെന്നും അതിനാല്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കേണ്ടതില്ലെന്നും സമിതി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായി എന്‍ടിഎജിഐ അംഗവും, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറുമായ ഡോ.ജയപ്രകാശ് മൂലിയില്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കിടയില്‍ കാര്യമായി കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നില്ലെന്നാണ് വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോവിഡ് കാരണം 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഒരു മരണം പോലും ഇന്ത്യയില്‍ സ്ഥിരീകരിച്ചട്ടില്ല. കാന്‍സര്‍, ഹൃദ്രോഗം എന്നിവ മൂലം മരിച്ച കുട്ടികളില്‍ പിന്നീട് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയട്ടുണ്ടെങ്കിലും ആ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് പറയാന്‍ കഴിയില്ല. പുതിയ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കും എന്നതില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണെന്നും ജയപ്രകാശ് മൂലിയില്‍ പറഞ്ഞു.

ഭാവിയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചാലും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരെയാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. മറ്റു രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വൈകുന്നത് എന്തുകൊണ്ടെണെന്ന് പഠിക്കാന്‍ എന്‍ടിഎജിഐയോട് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് സമഗ്രമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുട്ടികള്‍ക്കുള്ള വാക്‌സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. പന്ത്രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ മറ്റ് നാല് വാക്‌സിനുകള്‍ കൂടി അവസാന ഘട്ട പരീക്ഷണത്തിലാണ്. എന്നാല്‍ വാക്‌സിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവരെ ഉന്നതതല അനുമതി ലഭിച്ചട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here