തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വത്സൻ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ആവർത്തിച്ച് എസ്.ഡി.പിഐ. ആലപ്പുഴയിൽ കൊലപാതകങ്ങൾ ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും എസ്.ഡി.പിഐ. സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് തിരുവനന്തപുരത്ത് പറഞ്ഞു.
പോലീസ് സേനയിൽ ആർ.എസ്.എസ്. സെൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് ആർഎസ്എസ് അജണ്ടകൾക്ക് സൗകര്യം ഒരുക്കി കൊടുക്കുകയാണ്. ഒ.ബി.സി മോർച്ചാ നേതാവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ, സംസ്ഥാന ഭാരവാഹിയെ തന്നെ കൊന്ന് നാട്ടിൽ കലാപത്തിന് കോപ്പു കൂട്ടുന്ന അജണ്ടയുടെ ഭാഗമായാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങളോട് സഹകരിക്കാൻ തയാറാണെന്നും പക്ഷേ സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കേണ്ട ആളുകളെ വരെ പോലീസ് പിടിച്ചു കൊണ്ടുപോകുകയാണെന്നും അഷ്റഫ് മൂവാറ്റുപുഴ ആരോപിച്ചു.
ഷാനിൻ്റെ രക്തസാക്ഷിത്വത്തിൽ ആഹ്ലാദിക്കുന്നുവെന്ന സംസ്ഥാന നേതാവിൻ്റെ പരാമർശത്തെ ന്യായീകരിച്ച അഷ്റഫ് ഭയമല്ല വേണ്ടതെന്നും ഇത്തരം വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകണമെന്നാണ് എസ്ഡിപിഐ നിലപാടെന്നും വ്യക്തമാക്കി. പ്രതിരോധം പൗരവകാശം ആണെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.