20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍; ചെറുപ്പത്തില്‍ തന്നെ ദുരിതവും കഷ്ടപ്പാടും! ഹേരൂർ സ്വദേശി റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്

0
422

ദുബായ്: 20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍ എത്തിയ റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്. 26-ാമത്തെ വയസിലാണ് റഫീഖ് മുഹമ്മദ് അഹമ്മദിനെ ഭാഗ്യദേവത തുണച്ചത്. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച യുവാവാണെന്നതിനാല്‍ റഫീഖിന് ഭാഗ്യം ലഭിച്ചതില്‍ ഏവരും ഏറെ സന്തോഷിക്കുന്നുവെന്ന് റഫീഖിനെ അറിയുന്നവരും പറയുന്നു.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം)യാണ് റഫീഖിനും കൂടെ ജോലി ചെയ്യുന്ന മലയാളികളടക്കം ഒന്‍പത് ഇന്ത്യക്കാര്‍ക്കും ലഭിച്ചത്. ഒരാള്‍ക്ക് 20 ലക്ഷത്തിലേറെ രൂപയാണ് കൈവരുന്നത്. കാസര്‍കോട് ഹേരൂർ പാച്ചാണി സ്വദേശിയായ റഫീഖ് ആറു വര്‍ഷം മുന്‍പാണ് കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ യുഎഇയിലെത്തിയത്. പത്താംതരത്തില്‍ പഠനം കഴിഞ്ഞ് യുഎഇയിലേയ്ക്ക് വിമാനം കയറുകയായിരുന്നു.

ദുബായ് ജുമൈറയിലെ സ്വദേശി വില്ലയില്‍ പാചകക്കാരന്റെ ജോലിയാണ് ലഭിച്ചത്. 2200 ദിര്‍ഹമായിരുന്നു പ്രതിമാസ ശമ്പളം. വലിയ സ്വദേശി വില്ലയില്‍ പാചക്കാരും ഡ്രൈവറും സഹായികളുമൊക്കെയായി ആകെ 15 പേര്‍ ജോലി ചെയ്യുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ കടബാധ്യതയും വര്‍ധിച്ചു. കടം ഓരോ മാസവും കുറഞ്ഞ തുകയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടര വര്‍ഷത്തോളം ബിഗ് ടിക്കറ്റ് ഭാഗ്യവും പരീക്ഷിച്ചത്.

ഒപ്പം ജോലി ചെയ്യുന്ന എറണാകുളം സ്വദേശി റോഷന്‍, മലപ്പുറം സ്വദേശി ഷിഹാബ്, തിരുവനന്തപുരത്തുകാരന്‍ ഷാബിര്‍, കാസര്‍കോട് സ്വദേശി അനില്‍, ഹൈദരാബാദ് സ്വദേശികളായ യൂസഫ്, റഹ്മാന്‍, ശ്രീനു, മജീദ്, സലീം എന്നിവരാണ് 100 ദിര്‍ഹം വീതം ചെലവഴിച്ച് ഭാഗ്യപരീക്ഷണത്തിന് റഫീഖിന്റെ കൂടെ നിന്നത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റ് ഒന്നിച്ച് രണ്ടെണ്ണമെടുക്കുമ്പോള്‍ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും. ഒടുവില്‍ റഫീഖിന്റെ പേരില്‍ എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക മറ്റു 9 സുഹൃത്തുക്കളുമായി പങ്കിടും.

LEAVE A REPLY

Please enter your comment!
Please enter your name here