കൊവിഡ് 19 വന്നതോടെ മാസ്ക് ധരിക്കുന്നത് പ്രധാനമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിലുണ്ട്. അടിവസ്ത്രം തന്നെ മാസ്ക്കാക്കി മാറ്റിയ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
മാസ്ക്കിന് പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കി മാറ്റിയത്. ചുവപ്പ് അടിവസ്ത്രമാണ് മാസ്ക്കിന് പകരം ആഡം ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ വിമാന ജീവനക്കാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ആഡത്തിനോട് പുറത്തു പോകാൻ അവർ ആവശ്യപ്പെട്ടു. ഡിസംബർ 15നാണ് സംഭവം. ഫോർട്ട് ലോഡർഡേൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്.
ആഡത്തിന്റെ സമീപത്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയായിരുന്നു. വിമാനജീവനക്കാർ ഈ അടിവസ്ത്രം മാറ്റി യഥാർത്ഥ മാസ്ക്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അതിന് താൻ തയ്യാറല്ലെന്ന് ആഡം പറഞ്ഞു. ഇതോടെയാണ് വിമാനത്തിൽ നിന്ന് ആഡത്തിനോട് പുറത്തിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു.
തർക്കിക്കാൻ നിൽക്കാതെ ഇയാൾ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. വിമാനത്തിൽ മാസ്ക് നിർബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇതെന്നും ആഡം പറഞ്ഞു. നിരവധി പേർ തന്നെ പിന്തുണച്ചിരുന്നുവെന്നും അയാൾ പറഞ്ഞു. ആഡത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുണൈറ്റഡ് എയർലൈൻസ്.