കാസർകോട് ജനറൽ ആസ്പത്രിയിൽ 24 മണിക്കൂറും മൃതദേഹപരിശോധന നടത്തണമെന്ന് ഹൈക്കോടതി

0
257

കാസർകോട്: സംസ്ഥാനത്ത് 24 മണിക്കൂറും മൃതദേഹപരിശോധന നടത്തുന്ന ആദ്യ ജനറൽ ആസ്പത്രിയാവാൻ കാസർകോട് ജനറൽ ആസ്പത്രി ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഇതുകൂടാതെ സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകളിലും 24 മണിക്കൂറും മൃതദേഹപരിശോധന നടത്താനുള്ള സൗകര്യമൊരുക്കണമെന്നും കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ പത്ത് വർഷം നീണ്ട നിയമപോരാട്ടമാണ് ഈ വിധിയിലൂടെ വിജയിച്ചിരിക്കുന്നത്.

നിലവിൽ ജനറൽ ആസ്പത്രിയിൽ 24 മണിക്കൂറും മൃതദേഹപരിശോധന നടത്തുന്നതിനുള്ള വെളിച്ചസംവിധാനമുൾപ്പെടെയുള്ള ഭൗതികസാഹചര്യങ്ങൾ എം.എൽ.എ. ഫണ്ടിൽ നിന്നുമനുവദിച്ച തുകയുപയോഗിച്ച് ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള അധിക ജീവനക്കാരെ നിയമിക്കുകയാണ് ഇനി വേണ്ടത്. സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പുമാണ് ഇതിനുവേണ്ട നടപടികൾ സ്വീകരിക്കേണ്ടത്.

ഉന്നയിച്ചത് ആറ് സബ്മിഷനുകൾ, പിന്നെ നിയമപോരാട്ടം

2011-ലാണ് ഈ വിഷയത്തിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ആദ്യമായി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. തുടർന്ന് പല സമ്മേളനങ്ങളിലായി വീണ്ടും അഞ്ചുതവണ ഈ വിഷയത്തിൽ സബ്മിഷനുകളുമായി വിടാതെ പിന്തുടർന്നു. ഒടുവിൽ ഉമ്മൻചാണ്ടി സർക്കാർ ആസ്പത്രികളിൽ 24 മണിക്കൂറും മൃതദേഹപരിശോധന നടത്തണമെന്ന ഉത്തരവ് ഇറക്കിയെങ്കിലും അതിനെതിരേ കേരള മെഡിക്കോ ലീഗൽ സൊസൈറ്റി കോടതിയെ സമീപിക്കുകയും സർക്കാർ ഉത്തരവിനെതിരേ താത്കാലിക സ്റ്റേ വാങ്ങുകയും ചെയ്തു. തുടർന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഈ കേസിൽ കക്ഷി ചേരുകയും സ്വന്തം ചെലവിൽ വക്കീലിനെ നിയമിച്ചാണ് നിയമപോരാട്ടം തുടർന്നത്. ഒടുവിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ‘വിധി നേടിയടത്ത് അവസാനിപ്പിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ഈ വിധി നടപ്പാക്കുന്നതിനായുള്ള ഇടപെടലുകൾ തുടരുമെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പറഞ്ഞു. അതിന്റെ ആദ്യ പടിയായി കാസർകോട് കോടതിയിൽ ഈ വിധി സമർപ്പിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here