സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ തത്സമയം നമ്പര്‍ ബ്ലോക്കാവും; പുതിയ നീക്കവുമായി കേന്ദ്രം

0
537

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഫോൺ നമ്പറുകൾ തത്സമയം ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകൾ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം ഇത്തരത്തിൽ സാധ്യത തേടിയത്.

രാജ്യത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഡാറ്റാബേസ് ഉപയോഗിച്ച് പെട്ടെന്നുതന്നെ കുറ്റവാളികളെ പിന്തുടരാനും കണ്ടെത്താനും സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രിയുടേയും സാന്നിധ്യത്തിൽ ചേർന്ന ഡിജിപി – ഐജിപി യോഗത്തിലാണ് ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ടുവെച്ചത്.

സൈബർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സമയത്ത് ഉപയോഗിച്ച ഫോണിന്റെ ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി (IMEI), ബാങ്ക് കെവൈസി (Know Your Customer), പണമിടപാട് ആപ്ലിക്കേഷനുകൾ തുടങ്ങിയവയും ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകളാണ് കേന്ദ്രം തേടിയിരിക്കുന്നത്.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നത്. 2020ൽ മാത്രം രാജ്യത്ത് 50,035 സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2019-ലേതിനേക്കാൾ 11.8 ശതമാനം വർധനവാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും രാജ്യത്തെ ഏത് വ്യക്തികൾക്ക് വേണമെങ്കിലും നേരിട്ട് പരാതികൾ അറിയിക്കാൻ സാധിക്കുന്ന രീതിയിലാക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here