സംഘടനയുടെ പേരുപറഞ്ഞ് മുസ്‌ലിം ബിസിനസുകളെ തകര്‍ക്കാന്‍ ഇ.ഡി ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്

0
204

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കേരളത്തില്‍ റെയ്ഡുകള്‍ നടത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേര്‍ക്കെതിരെ മൊഴി നല്‍കിയത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ്
അഹമ്മദ്.

ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശപരവുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വന്‍കിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാന്‍ അനുവദിക്കുമ്പോള്‍ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാന്‍ ഇ.ഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയാണ്.

കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇ.ഡിയാണ് ഇപ്പോള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബിസിനസുകള്‍ക്ക് പിന്നാലെ പോകുന്നതെന്നും അനീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു മുസ്‌ലിം വിരുദ്ധ പ്രചരണത്തിലൂടെ കൂടുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പദ്ധതി.

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിടുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള രാഷ്ട്രീയ താല്‍പ്പര്യമാണ്. ജനങ്ങള്‍ക്കിടയില്‍ പോപുലര്‍ ഫ്രണ്ടിന് വര്‍ധിച്ചുവരുന്ന ജനപ്രീതി മന്ദഗതിയിലാക്കാനുള്ള തീവ്രശ്രമത്തില്‍ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ അവര്‍ ദുരുപയോഗം ചെയ്യുകയാണ്.

ആര്‍.എസ്.എസിന്റെ ദേശവിരുദ്ധതക്കും ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ സംഘടന ഉയര്‍ത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് പൊതുസമൂഹത്തില്‍ സുസ്ഥിരമാണ്.

സംഘടനയ്ക്കെതിരായ ഇ.ഡിയുടെ മാസങ്ങള്‍ നീണ്ട നിയമവിരുദ്ധ നടപടികളെ പോപുലര്‍ ഫ്രണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഹിയറിംഗില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ ഇ.ഡി നാലാഴ്ചത്തെ സമയം തേടുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടുകളിലും പ്രൊജക്ട് സൈറ്റിലും ഇ.ഡി നടത്തിയ റെയ്ഡുകള്‍ കോടതിയില്‍ ഉന്നയിച്ച നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഇ.ഡി ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ ആഘാതത്തിലാക്കുകയും അവര്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് ഇ.ഡി സംഘം അതിക്രമിച്ച് കയറിയത്.

ഇ.ഡിയുടെ ഈ നിയമ ലംഘനങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ നിരപരാധികള്‍ക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടെയും മറ്റ് ഏജന്‍സികളുടെയും നീക്കങ്ങള്‍ക്കെതിരെ സംഘടന ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ തുടരും. പൗരാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുന്നതിനുമുള്ള ദൗത്യത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയോ അതിന്റെ അംഗങ്ങളെയോ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ ഓഫീസിലും വീടുകളിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചിരുന്നു.

വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം റെയ്ഡില്‍ കണ്ടെടുത്തതായി ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here