കൊച്ചി(www.mediavisionnews.in): മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലന്ന് ഹൈക്കോടതി.സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്നും കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കോളേജ് ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. ക്യാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ കോളേജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓരോ വ്യക്തിക്കും കാമ്ബസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല.
കലാലയ രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച് മൂന്നു തവണ മാര്‍ഗ നിര്‍ദേശം നല്‍കിയതാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. 2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം തേടി.