മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിലെ നാല് ബി ജെ പി പ്രവർത്തകർ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാർക്കാട് പാലക്കയം പുത്തൻ പുരക്കൽ ജിജോ ജോൺ(30) എന്നിവരെയാണ് മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം കോനൂർ കാവുങ്കൽ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകർക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീടാക്രമിച്ച സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദമാകുകയും സി പി എം പ്രവർത്തകരാണ് കൃത്യംചെയ്തതെന്ന് ആരോപണവും ഉണ്ടായിരുന്നു.
കൂടാതെ ക്രമസമാധാനം തകർക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പെരിന്തൽമണ്ണയിൽ ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വീടാക്രമണവും കൂട്ടിയിണക്കി ആക്രമണം നടത്തിയത് മറ്റ് രാഷ്ട്രീയ പാർട്ടികളാണെന്ന് സാമൂഹിക മാധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി മങ്കട പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നതിനിടയിൽ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകൾ നടത്തി വന്നിരുന്നവരാണ് പ്രതികളെന്ന് തെളിഞ്ഞു. സി സി ടി വി പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികൾ ബി ജെ പി അനുഭാവികളാണെന്നും പരാതിക്കാരൻ നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താലാണ് രാത്രിയിൽ മദ്യപിച്ച് ആക്രമണം നടത്തിയതെന്നും അല്ലാതെ മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളോ കാരണങ്ങളോ ഇല്ലെന്നും പോലീസ് പറഞ്ഞു.