വഖഫ് നിയമനം; പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലീം ലീഗ്

0
215

കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ്. പ്രതിഷേധ പരിപാടികളുടെ ആദ്യ ഘട്ടം ഈ മാസം ഒമ്പതാം തീയതി കോഴിക്കോട് കടപ്പുറത്ത് മഹാറാലിയോടുകൂടി ആരംഭിക്കുമെന്ന് പി.എം.എ.സലാം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്നും ലീഗ് ആരോപിച്ചു. നിയമസഭയില്‍ പാസാക്കിയ നിയമം നിയമസഭയില്‍ തന്നെ റദ്ദാക്കണമെന്ന് പി.എം.എ.സലാം ആവശ്യപ്പെട്ടു. വഖഫിലെ തീരുമാനം സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ സമീപനങ്ങളുടെ ഉദാഹരണമാണെന്നും ലീഗ് നേതൃത്വം ആരോപിച്ചു.

ഇന്ന് രാവിലെ സമസ്തയുടെ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് വഖഫിലേക്കുള്ള പിഎസ്സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത് സമസ്തയുടെ വിജയമായി വിലയിരുത്തുമ്പോള്‍ ലീഗിന് കനത്ത തിരിച്ചടിയാണ്. രാഷ്ട്രീയ വിഷയങ്ങളിലുള്‍പ്പടെ സമസ്ത ഇ.കെ വിഭാഗം ആശ്രയിച്ചിരുന്നത് മുസ്ലീം ലീഗിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയുമായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതൃത്വത്തെ വിവിധ വിഷയങ്ങളില്‍ നേരിട്ട് വിളിച്ച് അഭിപ്രായങ്ങള്‍ തേടുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും തുടരുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here