ഉപ്പള: ഷിറിയ പുഴയ്ക്ക് കുറുകെ മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് 35.04 കോടി രൂപയുടെ പദ്ധതിക്ക് ആർഐഡിഎഫിൽ ഉൾപ്പെടുത്തി നബാർഡിന്റെ അംഗീകാരം ലഭിച്ചതായി എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
മൊത്തം പദ്ധതി അടങ്കലിന്റെ 95 ശതമാനം (33.2880 കോടി രൂപ) നബാർഡും 5 ശതമാനം(1.752 കോടി രൂപ ) സംസ്ഥാന സർക്കാരും വഹിക്കും. നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകൾ വശത്തായി നിർമിക്കാനുദ്ദേശിക്കുന്ന 118 മീറ്റർ നീളമുള്ള ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജാണിത്. അറബിക്കടലിൽ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാനും കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ ൯൯൯ ഹെക്ടർ കൃഷിഭൂമി പരിപാലിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. ഇതുവഴി പരിസരപ്രദേശങ്ങളും ഭൂഗർഭജലനിരപ്പ് ഉയർത്താനും പ്രാദേശത്തെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും സഹായകമാകും.
115 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.
ഇതിൽ 7.5 മീറ്റർ വീതിയിൽ വാഹന ഗതാഗതത്തിനും ഇരുവശങ്ങളായിലായി 1.75 മീറ്റർ വീതിയിൽ കാൽനട യാത്രക്കാർക്ക് നടപ്പാതയും ഉണ്ടാവും.
പദ്ധതി യാഥാർഥ്യമാവുന്നതോടെ മംഗൽപാടി, കുമ്പള പഞ്ചായത്തിലെ ഇച്ചിലങ്കോട്, പച്ചമ്പള, അടുക്ക, കൽപാറ, ബമ്പ്രാണ, ഊജാർ, ഉളുവാർ മേഖലകളിലെ നാട്ടുകാരുടെ കൃഷിക്കും കുടിവെള്ളത്തിനും പുഴയ്ക്ക് കുറുകെയുള്ള വാഹന ഗതാഗതത്തിനുമായുള്ള ഏറെക്കാലത്തെ സ്വപ്നമാവും പൂവണിയുന്നത്.