ഗൾഫിൽനിന്ന് വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്

0
258

തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിര്‍ദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കില്‍ സാംപിള്‍ തുടര്‍പരിശോധനയ്ക്ക് അയക്കും. അവര്‍ തുടര്‍ചികിത്സയ്ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയരാകണം.

ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളത് 12 രാജ്യങ്ങളില്‍നിന്ന് (ഹൈ റിസ്‌ക് രാജ്യങ്ങള്‍) നാട്ടിലെത്തുന്നവര്‍ക്കാണ്. യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വേ, സിങ്കപ്പൂര്‍, ഹോങ് കോങ്, ഇസ്രയേല്‍ എന്നിവയാണവ.

ഈ രാജ്യങ്ങളില്‍നിന്നെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുണ്ടാകും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനു ശേഷം എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കില്‍ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിള്‍ ജനിതക േശ്രണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സിക്കും.

ഒമിക്രോണ്‍ ഇല്ലെന്നു കണ്ടെത്തിയാല്‍ ഡിസ്ചാര്‍ജ് ചെയ്യും. ഒമിക്രോണ്‍ വകഭേദമെന്നു കണ്ടെത്തിയാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് തുടര്‍ച്ചികിത്സ നല്‍കും.

വിമാനത്താവളങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിച്ചു

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങി. കോവിഡ് വിദഗ്ധസമിതി സാഹചര്യം വിലയിരുത്തി. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുന്നുണ്ട്.

നാല് വിമാനത്താവളങ്ങളിലും ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു. തുറമുഖങ്ങളിലും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കി. രാജ്യത്ത് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗം സ്ഥിരീകരിച്ചാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും അവര്‍ പറഞ്ഞു.

ലക്ഷദ്വീപ് യാത്രയ്ക്ക് നിയന്ത്രണം

കൊച്ചി: ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം.

ചെറുകപ്പലുകളിലെയും മത്സ്യശേഖരണത്തിനുള്ള ബോട്ടുകളിലെയും ജോലിക്കാര്‍ക്കും ഇതു ബാധകമാണ്. ദ്വീപിലെത്തിയാല്‍ മൂന്നുദിവസത്തെ ക്വാറന്റീന്‍ പാലിക്കണം. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here