‘വിവാദ നായക’നെന്ന് പൊലീസ്; കോമഡി ഷോ റദ്ദാക്കി; എല്ലാം അവസാനിപ്പിക്കുന്നുവെന്ന് താരം

0
403

രണ്ട് മാസത്തിനിടെ തുടർച്ചയായി പന്ത്രണ്ടാമത്തെ പരിപാടിയും പൊലീസ് റദ്ദാക്കേണ്ടി വന്നതോടെ കോമഡി പരിപാടികൾ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഹാസ്യതാരം. തീവ്രഹിന്ദുത്വ ശക്തികളുടെ ഭീഷണിയെ തുടർന്നാണ് കൊമേഡിയനായ മുനവർ ഫറൂഖിയുടെ പരിപാടി റദ്ദാക്കിയത്. ബെംഗളുരുവിലെ അശോക നഗറിൽ ഇന്ന് നടക്കാനിരുന്ന പരിപാടിയാണ് മണിക്കൂറുകൾ ബാക്കി നിൽക്കെ പൊലീസ് ഇടപെട്ട് റദ്ദാക്കിച്ചത്.

‘വിവാദനായകനാണ് ഫറൂഖി. മതപരമായ വിവാദ പരാമർശങ്ങൾ മുമ്പ് ഫറൂഖിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശിലടക്കം കേസുകൾ ഉണ്ടെന്നും ക്രമസമാധാന പാലനത്തിന് ഭീഷണിയാണെന്നും’ അശോക് നഗർ പൊലീസ് സംഘാടകർക്ക് നൽകിയ കത്തിൽ പറയുന്നു. അശോക് നഗറിലെ ഗുഡ്ഷെപേർഡ് ഓഡിറ്റോറിയത്തിലായിരുന്നു ഫറൂഖിയുടെ പരിപാടി നടക്കേണ്ടിയിരുന്നത്.

‘കലാകാരൻ തോറ്റു, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികൾ വിജയിച്ചിരിക്കുകയാണെന്ന് പൊലീസ് നടപടിയോട് ഫറൂഖിയുടെ പ്രതികരണം. ‘600 ലേറെ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. നിർദോഷകരമായ തമാശകൾ മാത്രമേ താൻ അവതരിപ്പിച്ചിരുന്നുള്ളൂ. സെൻസർ സർട്ടിഫിക്കറ്റുമുണ്ട്. എന്നിട്ടും പരിപാടി അവതരിപ്പിക്കാൻ അനുവദിക്കാത്തതും ഹാസ്യത്തിന്റെ പേരിൽ ജയിലിലടയ്ക്കാൻ നോക്കുന്നതും അനീതിയാണെന്ന് ഫറൂഖി കുറിച്ചു. ഇത് അവസാനമാണ്. എന്റെ പേര് മുനവർ ഫറൂഖിയെന്നാണ്. സമയമായി. ആസ്വാദകർക്കെല്ലാം നന്ദി’യെന്നും സമൂഹ മാധ്യമത്തിൽ താരം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here