10 രൂപയുടെ മൂന്ന് കള്ളനോട്ട് കേസില്‍ 30 വര്‍ഷം ഒളിവില്‍; ഒടുവില്‍ അറസ്റ്റ്

0
301

കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ച കേസില്‍ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് ബത്തേരിയില്‍ വെച്ച് അറസ്റ്റിലായത്.

ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു, ഡി.വൈ.എസ്.പി എസ്. അമ്മിണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

1990ലായിരുന്നു കള്ളനോട്ട് കേസില്‍ തോമസ് അറസ്റ്റിലാവുന്നത്. എന്നാല്‍ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തോമസ് കുടുംബത്തോടൊപ്പം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നാടുമായി യാതൊരു ബന്ധവുമില്ലാതെയാണ് തോമസും കുടുംബവും കഴിഞ്ഞിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണം നടത്തിവരുമ്പോഴാണ് ബത്തേരിയില്‍ കുടുംബമായി താമസിക്കുന്നതായി അറിഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

1990ല്‍ താന്‍ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നുവെന്നും, പലിശയായി ലഭിച്ച പണത്തിന്റെ കൂട്ടത്തില്‍ 10 രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ ഉള്ളതറിയാതെ കൈവശം വെച്ചപ്പോഴാണ് പൊലീസ് പിടികൂടിയതെന്നും തോമസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

എസ്.ഐ ഷാജന്‍ മാത്യു, എ.എസ്.ഐ ബി.ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ് എസ്. കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജാഫര്‍ സി. റസാഖ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സുനിമോള്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here