കാസർകോട്∙ പൊതു സ്ഥലങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളെല്ലാം പൊതുസ്ഥലത്തു തന്നെ. ജില്ലയിലാകെ 570 കൊടിമരങ്ങൾ ഉണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇത് പ്രധാന കേന്ദ്രങ്ങളിലെ കൊടി മരങ്ങളുടെ മാത്രം എണ്ണമാണ്. 3 ദിവസം മുൻപ് വരെ മാറ്റിയത് 34 എണ്ണം മാത്രം. കൊടിമരങ്ങൾ നീക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു നിർദേശം നൽകിയിരുന്നു. പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദേശം നൽകിയിട്ടും മറുപടി ഇല്ലെന്നാണു റവന്യു അധികൃതർ പറയുന്നത്. സ്ഥലം പഞ്ചായത്തിന്റെയോ പൊതുമരാമത്തിന്റെയോ റവന്യു വകുപ്പിന്റെയോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലാത്ത ഇടങ്ങളിൽ കൊടിമരം നീക്കം ചെയ്യുന്നതു തടസ്സമുണ്ടാവുന്നുണ്ട്.
പരാതി നൽകിയിട്ടും രക്ഷയില്ല
ടാർ റോഡിൽ കൊടിമരം സ്ഥാപിച്ചതു നീക്കാൻ കുമ്പള പഞ്ചായത്ത് ഭരണസമിതി ഒക്ടോബർ 22ന് എടുത്ത തീരുമാനം അനുസരിച്ച് ഇത് സ്ഥാപിച്ചതിനെതിരെ കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ കഴിഞ്ഞ 1ന് പരാതി നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ല.
മഞ്ചേശ്വരം താലൂക്കിൽ 59
മഞ്ചേശ്വരം താലൂക്കിലെ 59 കൊടി മരങ്ങളിൽ 18 എണ്ണം ആണ് നീക്കിയത്. പുത്തിഗെ പഞ്ചായത്തിൽ 22ൽ 10, മഞ്ചേശ്വരം 10ൽ 8 എന്നിങ്ങനെയാണ് നീക്കിയത്. കുമ്പള പഞ്ചായത്തിൽ 15, പൈവളിഗെ 12 എന്നിങ്ങനെ കൊടിമരങ്ങൾ ഉള്ളതിൽ ഒന്നു പോലും നീക്കിയില്ല. മീഞ്ച പഞ്ചായത്തിൽ കൊടിമരങ്ങൾ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നീക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജയറാം ബളംകുടൽ അറിയിച്ചു. മംഗൽപാടി പഞ്ചായത്തിൽ എവിടെയും കൊടിമരം ഇല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ പറഞ്ഞു.
വോർക്കാടി പഞ്ചായത്തിൽ ഇനിയും ധാരാളം കൊടിമരം മാറ്റാതെ കിടക്കുന്നതായി പഞ്ചായത്തംഗം പി.എ.അബ്ദുൽ മജീദ് പറഞ്ഞു.ബദിയടുക്ക, കുംമ്പടാജെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിൽ പൊതു സ്ഥലത്തെ പതാകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടില്ല.
വെള്ളരിക്കുണ്ട് താലൂക്കിൽ 208 കൊടിമരങ്ങൾ
വെള്ളരിക്കുണ്ട് താലൂക്കിൽ ആകെയുള്ളത് 208 കൊടിമരങ്ങളാണ്. ചിലയിടങ്ങളിലെ മാത്രമാണ് നീക്കിയിട്ടുള്വത്. കിണാനൂർ –കരിന്തളം പഞ്ചായത്തിൽ കൊടിമരം നീക്കം ചെയ്യാത്തതിനെതിരെ ഒരു കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ പൊതു നിരത്തുകളിലുള്ള കൊടി മരങ്ങൾ ഒന്നും തന്നെ നീക്കം ചെയ്തിട്ടില്ല. ബളാൽ പഞ്ചായത്തിലെ എടത്തോട് ടൗൺമുതൽ കൊന്നക്കാട് വരെയും ഉൾനാടൻ പ്രദേശങ്ങളിലും നൂറു കണക്കിന് കൊടിമരങ്ങൾ നീക്കം ചെയ്യാനുണ്ടെങ്കിലും പഞ്ചായത്തിൽ നിന്നും നടപടി സ്വീകരിച്ചിട്ടില്ല. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും സ്ഥിതി ഇതുതന്നെ.
കാസർകോട് താലൂക്കിൽ 142
കാസർകോട് താലൂക്കിലെ വിവിധ വില്ലേജുകളിലായി 142 കൊടിമരങ്ങൾ നീക്കം ചെയ്യാനുണ്ടെന്നാണ് റവന്യൂ അധികൃതരുടെ കണക്ക്. നീർച്ചാൽ 2, ചെങ്കള 29, പാടി 3, കുറ്റിക്കോൽ 14, അഡൂർ1, തളങ്കര 1, ബേള 5, ദേലംപാടി 3, കളനാട് 8, തെക്കിൽ 9, മധൂർ 9, കൊളത്തൂർ 6, ആദൂർ 10, ബദിയടുക്ക 3, കാസർകോട് 17, കുഡ്‍ലു 21 എന്നിങ്ങനെയാണ് ഇത്.
യോഗം ചേരാതെയും
ബേഡഡുക്ക പഞ്ചായത്തിൽ ഇതുവരെ ഇക്കാര്യത്തിൽ നടപടിയോ യോഗമോ ചേർന്നിട്ടില്ല.കുറ്റിക്കോൽ,മൂളിയാർ പഞ്ചായത്തുകളിൽ കൊടി തോരണങ്ങൾ ഇല്ലെന്ന് പഞ്ചായത്ത് അധികൃതർ. കാറഡുക്ക പഞ്ചായത്തിൽ പൊതു സ്ഥലങ്ങളിൽ ധാരാളം കൊടിമരങ്ങൾ ഉണ്ട് നീക്കം ചെയ്തിട്ടില്ല.
കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കൊടി തോരണങ്ങൾ രാഷ്ട്രീയ കക്ഷികൾ സ്വമേധയാ നീക്കി. എന്നാൽ പോഷക സംഘടനകളുടെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ പലയിടത്തും ബാക്കിയുണ്ട്. നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ കൊടി തോരണങ്ങൾ നീക്കാൻ തീരുമാനിച്ചത്.
∙അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകളിൽ കൊടിതോരണങ്ങൾ നീക്കിയിട്ടില്ല. ചെറുവത്തൂർ പഞ്ചായത്ത് നടപടി അവശ്യപെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കത്തു നൽകിയിട്ടുണ്ട്.തൃക്കരിപ്പൂർ പഞ്ചായത്തിൽ പൊതു നിരത്തുകളിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകിയെങ്കിലും ഒന്നും നീക്കിയിട്ടില്ല.
നീലേശ്വരം നഗരസഭ
നീലേശ്വരം നഗരസഭാ പരിധിയിലെ കൊടിതോരണങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സമയപരിധി അവസാനിക്കാനിരിക്കെ നീലേശ്വരം പൊലീസ് ബുധനാഴ്ച വൈകിട്ട് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ ടി.വി.ശാന്ത പറഞ്ഞു.
∙കിനാനൂർ കരിന്തളം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും പഞ്ചായത്ത് നിർദേശം നൽകി.മടിക്കൈ പഞ്ചായത്തിൽ പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങൾ നേരത്തെ തന്നെ പൂർണമായി നീക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കള്ളാർ പഞ്ചായത്തിൽ നടപടി ആയിട്ടില്ല. പനത്തടി പഞ്ചായത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അറിയിപ്പ് നൽകിയിരുന്നു. തുടർ നടപടി അന്വേഷിച്ചിട്ടില്ല. കോടോം ബേളൂർ പഞ്ചായത്തിൽ പഞ്ചായത്ത് അധീനതയിൽ കൊടി തോരണങ്ങൾ ഇല്ല. പൊതുമരാമത്ത് സ്ഥലങ്ങളിലെ കൊടി തോരണങ്ങൾ നീക്കാൻ സർവകക്ഷി യോഗം വിളിക്കും.
കൊടിമരം സ്ഥാപിക്കാൻ അനുമതി വാങ്ങണം
എവിടെ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ഉണ്ടോ അവിടെ കൊടിമരം സ്ഥാപിക്കുന്ന സംസ്കാരം സമൂഹത്തിലാകെ വ്യാപിച്ചിരിക്കുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. റോഡിലോ, പൊതു സ്ഥലത്തോ കൊടിമരമോ മറ്റോ സ്ഥാപിക്കണമെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നോ മറ്റ് അധികാരപ്പെട്ടവരിൽ നിന്നോ അനുമതി വാങ്ങണം എന്നും കോടതി നിർദേശിച്ചു.കേരളത്തിൽ റോഡുകളിൽ 42,337 കൊടിമരങ്ങൾ ഉണ്ടെന്നും ഇവ നിയമാനുസൃതമാണോ എന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
നീക്കം ചെയ്യാത്ത പക്ഷം അവ സ്ഥാപിച്ചവർക്ക് എതിരെ കർശന നടപടിയെടുക്കാനും ഭൂസംരക്ഷണ നിയമപ്രകാരം പരമാവധി പിഴ ചുമത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്.