ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്. അതിൽ ബോർഡ് ഇടപെടാറില്ല എന്നും അദ്ദേഹം ഇന്ത്യ ടുഡേയ്യ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“ഡയറ്റിനെപ്പറ്റി ചർച്ച ചെയ്തിട്ടേയില്ല. അത്തരം നിർബന്ധബുദ്ധി കാണിക്കുകയുമില്ല. എങ്ങനെ ഇത്തരമൊരു ചർച്ച വന്നു എന്നത് പോലും അറിയില്ല. എൻ്റെ അറിവിൽ ഡയറ്റുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. താരങ്ങൾക്ക് ഭക്ഷണ സ്വാതന്ത്ര്യമുണ്ട്. ബിസിസിഐക്ക് അതിൽ പങ്കില്ല. ചിലപ്പോൾ ഏതെങ്കിലും താരങ്ങളുടെ തിരഞ്ഞെടുപ്പിൽ ഹലാൽ ഉൾപ്പെട്ടിട്ടുണ്ടാവും. ഇത് ബിസിസിഐ നിർദ്ദേശമല്ല. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ ഒരിക്കലും പറയാറില്ല. താരങ്ങൾക്ക് അവരവരുടെ ഭക്ഷണം തിരഞ്ഞെടുക്കാം. സസ്യാഹാരിയോ മാംസാഹാരിയോ ആവുകയെന്നതും അവരവരുടെ ഇഷ്ടമാണ്.”- അരുൺ ധുമാൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി എന്നായിരുന്നു വാർത്ത. ഭക്ഷണത്തിൽ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തിൽ കഴിക്കുന്നതിനും വിലക്കേർപ്പെടുത്തി. വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്ക് മുന്നോടിയായാണ് മെനു പുതുക്കിയത് എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ ബിസിസിഐക്കെതിരെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.