മോഫിയയുടെ മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ്, പ്രതികൾ ഒളിവിലെന്ന് പൊലീസ്

0
294

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്.

ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി  ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ  ഒരു മാസം മുമ്പ്  ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തത്.

ഒടുവിൽ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് ഇന്നലെ രാവിലെ ആലുവ ഈസ്റ്റ്  സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെൺകുട്ടിയേയും  അച്ചനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. എന്നാൽ വൈകിട്ട്  ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങളള്‍ ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടക്കം  ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചു.

നീതിക്കായി നിരന്തരം പോരാടിയ പെൺകുട്ടി, അവഗണിച്ച് പൊലീസും അധികൃതരും, ഒടുവിൽ മരണം

താൻ നേരിട്ട പീഡനത്തിൽ പൊലീസ് മുതൽ വനിത കമ്മീഷനെ വരെ സമീപിച്ച് നീതിക്കായി നിരന്തരം പോരാടിയ പെൺകുട്ടിയായിരുന്നു മോഫിയ. മിടുക്കിയായ നിയമവിദ്യാർത്ഥി. പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതിനാൽ ഇന്നലെ ക്ലാസിൽ വരില്ലെന്ന് സുഹൃത്തുക്കളോട് മോഫിയ പറഞ്ഞിരുന്നു. പിന്നെ കേട്ടത് മരണവിവരമാണ്. ഭർത്താവ് സുഹൈലും വീട്ടുകാരും മോഫിയയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here