ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിത യുഎസ് പ്രസിഡന്റായി കമല ഹാരിസ്, ഒന്നര മണിക്കൂര്‍ അധികാരത്തില്‍

0
287

അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് ചുമതല വഹിച്ച ആദ്യത്തെ വനിതയായി കമല ഹാരിസ്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കമല ഹാരിസിന് ചുമതല കൈമാറിയത്. പ്രസിഡന്റ് ജോ ബൈഡന്‍ അനസ്തേഷ്യയിലായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഒരു മണിക്കൂര്‍ 25 മിനിറ്റാണ് പ്രസിഡന്റ് അധികാരം വഹിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അധികാര കൈമാറ്റം പ്രഖ്യാപിച്ച് ഔദ്യോഗിക കത്തുകള്‍ രാവിലെ 10:10 ന് അയച്ചിരുന്നു. രാവിലെ 11:35 ന് പ്രസിഡന്റ് തന്റെ ചുമതലകള്‍ പുനരാരംഭിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ജോ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ കൊളോണോസ്‌കോപി നടത്താനായാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിഷശോധനയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിനാലാണ് താല്‍കാലികമായി അധികാരം കമല ഹാരിസിന് കൈമാറിയത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും വൈറ്റ്ഹൗസ് അറിയിച്ചു. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും ഇതേ രീതിയില്‍ അധികാര കൈമാറ്റം നടത്തിയിരുന്നു.

പ്രസിഡന്റിന് സാധ്യമാകാത്ത സമയത്ത് ഭരണഘടനാപരമായി വൈസ് പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസ് ചുമതലകള്‍ ഏറ്റെടുക്കുന്നത് അപൂര്‍വ്വമായ കാര്യമല്ലെങ്കിലും, ചരിത്രത്തിലാദ്യമായി ഒരു വനിത വൈസ് പ്രസിഡന്റാവുകയും, രാജ്യത്തിന്റെ ചുമതല വഹിക്കുകയും ചെയ്തത് അമേരിക്കയില്‍ ആദ്യമായാണ്. 57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമല ഹാരിസ് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here