ജൊഹാനാസ്ബർഗ്∙ സമകാലിക ക്രിക്കറ്റിൽ ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച താരങ്ങളിലൊരാളായ എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽത്തന്നെ വിരമിച്ച ഡിവില്ലിയേഴ്സ്, എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ‘ഡിവില്ലിയേഴ്സ് ഷോ’ ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. ഐപിഎലിൽ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്സ്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി മുപ്പത്തേഴുകാരനായ താരം പ്രഖ്യാപിച്ചത്. 17 വർഷത്തോളം നീളുന്ന വർണാഭമായ കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടക്കാലത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് പരിഗണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം നിമിത്തമുണ്ടായ സാഹചര്യങ്ങളാൽ അത് യാഥാർഥ്യമായില്ല. ഇതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റ് വിടാനുള്ള താരത്തിന്റെ തീരുമാനം.
It has been an incredible journey, but I have decided to retire from all cricket.
Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli
— AB de Villiers (@ABdeVilliers17) November 19, 2021
∙ ഡിവില്ലിയേഴ്സിന്റെ ക്രിക്കറ്റ് കരിയറിലൂടെ
2004 ഡിസംബറിൽ പോർട്ട് ഓഫ് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞ താരം, 50.66 റൺസ് ശരാശരിയിൽ 8765 റൺസ് നേടി. ഇതിൽ 22 സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 278 റൺസാണ് ഉയർന്ന സ്കോർ. അപൂർവമായി മാത്രം ബോൾ ചെയ്തിട്ടുള്ള ഡിവില്ലിയേഴ്സ്, രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ജൊഹാനാസ്ബർഗിലാണ് അവസാന ടെസ്റ്റ് കളിച്ചത്.
ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ 2005 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡവില്ലിയേഴ്സ് അരങ്ങേറ്റം കുറിച്ചു. 228 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ താരം, 53.50 റൺസ് ശരാശരിയിൽ 9577 റൺസ് നേടി. 25 സെഞ്ചുറികളും 53 അർധസെഞ്ചുറികളും ഉൾപ്പെടയാണിത്. 176 ആണ് ഉയർന്ന സ്കോർ. ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയനിലായിരുന്നു ഡിവില്ലിയേഴ്സിന്റെ അവസാന രാജ്യാന്തര ഏകദിനം. രാജ്യാന്തര ഏകദിനത്തിൽ ഏഴു വിക്കറ്റുകളും ഡിവില്ലിയേഴ്സ് സ്വന്തമാക്കി.
ഏകദിന അരങ്ങേറ്റത്തിന് ഒരു വയസ്സു തികഞ്ഞതിനു പിന്നാലെ 2006 ഫെബ്രുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ട്വന്റി20 അരങ്ങേറ്റം. 78 ട്വന്റി20 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ അദ്ദേഹം 26.12 റൺസ് ശരാശരിയിൽ 1672 റൺസ് നേടി. പുറത്താകാതെ നേടിയ 79 റൺസാണ് ഉയർന്ന സ്കോർ. 10 അർധസെഞ്ചുറിയും നേടി. 2017 ഒക്ടോബർ 29ന് ബംഗ്ലദേശിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ അവസാന രാജ്യാന്തര ട്വന്റി20.