സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10% കൂടിയേക്കും; അഞ്ചു വർഷത്തേക്കുള്ള പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ

0
285

തിരുവനന്തപുരം: അടുത്ത 5 വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 % വർധന ആവശ്യപ്പെടുമെന്നാണു സൂചന. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു നിരക്ക് കൂട്ടിയത്.

അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മിഷൻ പിൻവലിച്ചു. ഇതു വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകും.

സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോർഡിനും 10 വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതിൽ പ്രധാനം. ടെക്നോപാർക്ക്, സ്പെഷൽ ഇക്കണോമിക് സോൺ, കണ്ണൻ ദേവൻ കമ്പനി, തൃശൂർ കോർപറേഷൻ തുടങ്ങിയ വിതരണ ഏജൻസികളാണ് സംസ്ഥാനത്തുള്ളത്. വ്യത്യസ്ത നിരക്ക് നിശ്ചയിക്കുന്നതിനെ ബോർഡ് എതിർത്തിരുന്നു. വരുമാനത്തെ ബാധിക്കാമെന്നതാണു കാരണം. ഗാർഹിക ഉപയോക്താക്കൾക്കുള്ള ക്രോസ് സബ്സിഡി കുറയാനും ഇതു കാരണമാകുമായിരുന്നു.

ബോർഡിന്റെ അധിക വൈദ്യുതി, സംസ്ഥാനത്തിനു പുറത്തേക്കു വിൽക്കുന്നതിനു പകരം പുറത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്ന ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾക്ക് നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here