കരിപ്പൂരിൽ വൻ സ്വർണവേട്ട; കാസർകോട്​ സ്വദേശിയുൾപ്പെടെ അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി വിലവരുന്ന സ്വർണം പിടികൂടി

0
256

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ച് പേരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. വിപണിയിൽ 3.71 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കള്ളക്കടത്തു സംഘങ്ങൾ സ്വർണം കടത്താൻ വേറിട്ട ഉപയോഗിക്കുന്ന പുതിയ മാർഗവും എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് പൊളിച്ചു.

കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം പശ പോലെ തേച്ച്  കടത്താനാണ് മൂന്ന് പേർ ശ്രമിച്ചത്. ഡി ആർ ഐ നൽകിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ ആണ് മൂന്ന് കേസുകൾ പിടികൂടിയത്. ദുബായിൽ നിന്നുള്ള IX 346 വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം കാർഡ് ബോർഡ് പെട്ടിയുടെ ഉള്ളിൽ രണ്ട് അടരുകൾക്ക് ഇടയിലായി മിശ്രിത രൂപത്തിൽ പശ രൂപത്തിൽ തേച്ച് പിടിച്ചെടുത്തത്.

കരിപ്പൂർ വിമാനത്താവളത്തിൽ ഇത്തരത്തിൽ സ്വർണ കടത്ത് പിടിക്കുന്നത് ആദ്യമായാണ്. മൂന്ന് യാത്രക്കാർ ആണ് ഇത്തരത്തിൽ കാർഡ് ബോർഡ് പെട്ടിയിൽ സ്വർണ മിശ്രിതം ഒട്ടിച്ച് കടത്താൻ ശ്രമിച്ചു പിടിയിൽ ആയത്.

വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിൽ ആയത്. ബഷീർ കടത്താൻ ശ്രമിച്ചതു 1628 ഗ്രാം സ്വർണം ആണ്. ഇതിന്റെ മൂല്യം 80.50 ലക്ഷം വരും. ആൽബിൻ തോമസിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിന് 1694 ഗ്രാം തൂക്കം ഉണ്ട്. മൂല്യം 83.76 ലക്ഷം. നാസറിൽ നിന്നും 84.76 ലക്ഷം രൂപ മൂല്യം ഉള്ള 1711 ഗ്രാം സ്വർണം ആണ് പിടിച്ചത്.

മിശ്രിത രൂപത്തിൽ ഉള്ള ഇവ എല്ലാം വേർതിരിച്ച് എടുത്തപ്പോൾ 5033 ഗ്രാം 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്. 2.49 കോടി രൂപ ആണ് ഇതിന്റെ മൂല്യം. ദുബായിൽ നിന്നുള്ള FZ419 വിമാനത്തിലെ യാത്രക്കാരനായ തൃശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജിൽ നിന്നും 2284 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. 1114 ഗ്രാം സ്വർണ മിശ്രിതം ഇയാള് അടിവസ്ത്രത്തിന് ഉള്ളിലും 1170 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്സൂളുകളിൽ ആക്കി ശരീരത്തിന് ഉള്ളിലും ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്.

മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വേർ തിരിച്ചപ്പോൾ 1865.80 തൂക്കമുള്ള 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. മൂല്യം 92.26 ലക്ഷം രൂപ വരും. കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാനിൽ നിന്നും 676 ഗ്രാം സ്വർണ മിശ്രിതം ആണ് കണ്ടെടുത്തത്. ഷാർജയിൽ നിന്നുള്ള G9 0452 വിമാനത്തിലെ യാത്രക്കാരൻ ആയ ഇയാൾ സ്വർണം അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വേർതിരിച്ചപ്പോൾ 29.57 ലക്ഷം വിലയുള്ള 598.720 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്.

കരിപ്പൂരിൽ വിമാനത്താവളത്തിൽ സമീപകാലത്ത് പിടിച്ചെടുത്ത ഏറ്റവും മൂല്യമുള്ള സ്വർണവേട്ടയാണിത്. അസിസ്റ്റൻറ് കമ്മീഷണർ ജെ ആനന്ദ് കുമാറിൻറെ നേതൃത്വത്തിൽ സൂപ്രണ്ട് മാരായ വിജയ ടി.എൻ , ബാബു നാരായണൻ എം കെ, ഗഗൻ ദീപ് രാജ് , റഫീഖ് ഹസൻ, പ്രമോദ് കുമാർ സവിത , പ്രണയ് കുമാർ , പ്രേംപ്രകാശ് മീണ ഇൻസ്പെക്ടർമാരായ ശിവ കുമാർ വി കെ , ബാദൽ ഗഫൂർ , ദുഷ്യന്ത കുമാർ , ശശിധരൻ ടിവി , ആഷു  സോറൻ, അരവിന്ദ് ഗുലിയ , രാജീവ് കെ , ധന്യ കെ പി , പരിവേഷ് കുമാർ സ്വാമി , ഹെഡ് ഹവിൽദാർ മാരായ മനോഹരൻ പി, എൻ. എസ് മധുസൂദനൻ നായർ  ,മാത്യു കെ സി ആൻറണി സി സി, രാഹുൽ ടി രാജ് , സനിത് കുമാർ കെ ടി എന്നിവരാണ് സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here