ഗാന്ധി നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയായിരുന്നു; വിവാദ പരാമര്‍ശവുമായി കങ്കണ

0
327

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947ല്‍ അല്ല എന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ പുതിയ പരാമര്‍ശവുമായി കങ്കണ റണാവത്ത്. ഇത്തവണ ഗാന്ധിജിയ്ക്ക് നേരെയാണ് കങ്കണയുടെ പുതിയ പരാമര്‍ശം.

ഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്ക് നേടിതന്നത് സ്വാതന്ത്യമായിരുന്നില്ല, ഭിക്ഷയായിരുന്നു എന്നാണ് കങ്കണ പറയുന്നത്.

ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്‌റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാന്‍ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറയുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറയുന്നു.

ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നെന്നും, ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ചയാളാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിതന്നെതെന്നും, അത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയായിരുന്നെന്നും കങ്കണ പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ആരാധ്യപുരുഷനെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്തിന് വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകള്‍ തങ്ങളുടെ ‘യജമാനന്‍മാര്‍ക്ക്’ പിടിച്ചുകൊടുക്കുകയായിരുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് അധികാരം മാത്രമായിരുന്നു ലക്ഷ്യമെന്നും കങ്കണ പറഞ്ഞു.

20104ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളായിരുന്ന കങ്കണയ്‌ക്കെതിരെ ഉയര്‍ന്നു വന്നത്. എന്നാല്‍ വിവാദപരമായ പുതിയ പരാമര്‍ശങ്ങള്‍ പറയുകയല്ലാതെ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ കങ്കണ ഇതുവരെ തയ്യാറായിട്ടില്ല.

താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാമെന്നാണ് കങ്കണ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here