ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ ലക്ഷ്യം വച്ച് സിപിഎം; ശ്രമിച്ചു നോക്കൂവെന്ന് സലാം

0
262

കോഴിക്കോട്∙ മലബാറിൽ അടിത്തറ വിപുലമാക്കാൻ സിപിഎം രംഗത്തിറങ്ങിയതോടെ കരുതലോടെ മുസ്‍ലിം ലീഗ്. ആദ്യഘട്ടത്തിൽ ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെയാണു സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തമായതോടെ നീക്കങ്ങളെ ഗൗരവത്തോടെയാണു മുസ്‍ലിം ലീഗ് വീക്ഷിക്കുന്നത്

വാഗ്ദാനങ്ങൾ പലത് 

നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിച്ചെങ്കിലും മലബാറിൽ പരമാവധി പേരെ കൂടെ കൂട്ടുക എന്നതിനു സിപിഎം വലിയ പ്രാധാന്യം നൽകുന്നുണ്ട്. പലയിടത്തും മുസ്‍ലിം സമുദായം പതിവില്ലാത്ത വിധം ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്നതായാണു പാർട്ടി വിലയിരുത്തൽ.  ഇതു മലബാറിൽ അടിത്തറ വർധിപ്പിക്കാൻ സിപിഎമ്മിനു വലിയ ഊർജം പകരുന്നുണ്ട്.  ഇതിന്റെ ഭാഗമായാണു പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ലീഗ് അണികളെ കൂടെ കൂട്ടാൻ സിപിഎം പ്രാദേശിക നേതൃത്വങ്ങൾക്കു നിർദേശം നൽകിയത്.

പല കാരണങ്ങൾകൊണ്ട് ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നവരെയാണ് ആദ്യ ഘട്ടത്തിൽ സിപിഎം നോട്ടമിടുന്നത്. ഓരോ പ്രദേശത്തും ഇത്തരത്തിലുള്ളവരുടെ കണക്കെടുക്കാനും  പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുന്നതിനു മുൻപായി പരമാവധി പേരെ പാർട്ടിയിലെത്തിക്കാനുമാണു നിർദേശം നൽകിയിരിക്കുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടതില്ലെന്നു മുസ്‍ലിം ലീഗ് കർശന നടപടി എടുത്തിരുന്നു. ഇതേ തുടർന്നു വർഷങ്ങളായി അധികാരത്തിലുണ്ടായിരുന്ന നിരവധി പേർക്കു മാറി നിൽക്കേണ്ടി വന്നു. ഇവരിൽ പലരും കടുത്ത അസംതൃപ്തരാണ്. ഇവർക്കു മതിയായ പദവികൾ വാഗ്ദാനം ചെയ്തു കൂടെ നിർത്താനാണു സിപിഎം പ്രാദേശികമായി നിർദേശം നൽകിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ് എന്നിവയിൽ സ്ഥാനാർഥിത്വത്തിനു പരിഗണിക്കപ്പെടാതെ പോയവരുമുണ്ട്. ഇതിനു പുറമേ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പ്രാദേശിക ഗ്രൂപ്പുകളുണ്ട്. തുടർച്ചയായി 10 വർഷം അധികാരത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ട സാഹചര്യത്തിൽ ലീഗിൽനിന്നു കൂടുതൽ പേർ പാർട്ടി വിടുമെന്നാണു സിപിഎം കണക്കു കൂട്ടുന്നത്.

‘ഹരിത’യുമായും ചർച്ച

പുതുതായി എത്തുന്നവരെ പരിഗണിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ചും കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൂന്നു ടേം നിർബന്ധമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വർഷങ്ങളായി അധികാരത്തിലിരുന്നവർ ഒഴിവാകേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഭാരവാഹിത്വമോ പദവികളോ ഒന്നുമില്ലാതെ ആരെങ്കിലും ഇങ്ങനെ ഉണ്ടെങ്കിൽ അവരെ കൂടെ കൂട്ടാം. തദ്ദേശ സ്ഥാപനങ്ങളിലും മറ്റും അധികാര സ്ഥാനത്തിരുന്നവർ ലീഗ് വിടുന്നുണ്ടെങ്കിൽ അവരെ ഭാരവാഹിത്വത്തോടെ പാർട്ടിയിലേക്കു പരിഗണിക്കണം.

സിപിഎമ്മിലേക്ക് ആളുകൾ വരുമ്പോൾ അവർ കൂടുതൽ പബ്ലിസിറ്റി കൊടുക്കുകയാണ്. സിപിഎമ്മിലേക്കു വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ സിപിഎമ്മിൽ നിന്നു സിപിഐയിലേക്കും കോൺഗ്രസിലേക്കും മുസ്‌ലിം ലീഗിലേക്കും വരുന്നു

ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം

നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ക്ലബുകൾക്കും സംഘങ്ങൾക്കും പരമാവധി ആനുകൂല്യങ്ങൾ സംഘടിപ്പിച്ചു കൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ അടക്കം ഇതിനായി ഉപയോഗിക്കാം. മുസ്‍ലിം വനിതകളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ഇടപെടലുകൾ വേണം. കുടുംബശ്രീ അടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവമാക്കണം.

ഹരിത വിവാദത്തിൽ പരസ്യ വിമർശനവുമായി രംഗത്തു വന്ന വനിത ഭാരവാഹികളുമായി നേരത്തേ സിപിഎം പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. എംഎസ്എഫിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതി നൽകിയിട്ടും ലീഗ് നടപടി എടുത്തില്ലെന്നു പത്ര സമ്മേളനം നടത്തിയ ചിലരെയാണു സിപിഎം പ്രതിനിധികൾ സമീപിച്ചത്. പല സ്ഥലങ്ങളിലും പള്ളികൾക്ക് കെട്ടിട നിർമാണ ചട്ട പ്രകാരം ചില തടസ്സങ്ങളുണ്ട്. നമ്പർ കിട്ടാത്ത ഇത്തരം പള്ളികൾക്ക് നമ്പർ ലഭിക്കാനും മറ്റു തടസ്സങ്ങൾ നീക്കാനും മുന്നിൽ നിൽക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്.

സംഘടന പ്രവർത്തനം ശക്തമാക്കാൻ ലീഗ്

കൊഴിഞ്ഞു പോക്കും നേതൃത്വത്തെ വെല്ലുവിളിക്കലുമടക്കം പാർട്ടി നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ തന്നെയാണു ലീഗ് നേതൃത്വം വീക്ഷിക്കുന്നത്. മാറിയ കാലത്ത് നിലവിലെ പോലെ മുന്നോട്ടു പോകുന്നത് അപകടകരമാണെന്നു ലീഗ് നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. പാർട്ടിയെ അടിമുടി കരുത്തുറ്റതാക്കാനായി നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം വലിയ മാറ്റങ്ങളാണ് ലീഗിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാറിയ കാലത്തു ലീഗ് എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ചു നയരേഖയുണ്ടാക്കി തീരുമാനങ്ങളെടുത്തു. ഈ തീരുമാനങ്ങൾ മുതിർന്ന നേതാക്കൾ നേരിട്ടു ജില്ലകളിലെത്തി വിശദീകരിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശികമായുണ്ടായ ചെറിയ ചില അസ്വസ്ഥതകൾ പോലും പറഞ്ഞു തീർക്കുകയാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. നയരേഖയുടെ അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനം കേഡർ സ്വഭാവത്തിലേക്കു മാറ്റാനുള്ള ശ്രമങ്ങളാണ്. ചില പ്രാദേശിക നേതാക്കളുടെ നിലപാടുകളാണു കൂടുതൽ പേർ ലീഗിലേക്കു കടന്നു വരുന്നതിനു തടസമുണ്ടാക്കുന്നതെന്നു സംസ്ഥാന നേതാക്കളുമായുള്ള ചർച്ചയിൽ പ്രാദേശിക നേതൃത്വങ്ങൾ മുതിർന്ന നേതാക്കളോടു വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാഭാരവാഹികളുമായുള്ള ചർച്ചയ്ക്കു ശേഷം മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച ആരംഭിക്കാനിരിക്കുകയാണ്. സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ചാക്കിട്ടു പിടിക്കൽ ശ്രമങ്ങളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ചു മണ്ഡലം തല ഭാരവാഹികൾക്കു നിർദേശം നൽകാനാണ് ലീഗ് ആലോചിക്കുന്നത്.

എല്ലാം സിപിഎമ്മിന്റെ വ്യാമോഹം: പി.എം.എ.സലാം

ലീഗിനെ തകർക്കാനും മുസ്‍ലിം  സമുദായത്തിനകത്ത് സൂത്രത്തിൽ കയറിക്കൂടാനും സിപിഎം ഇതിനു മുൻപും പലതവണ ശ്രമിച്ചിട്ടുണ്ടെന്നും അതൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ഉള്ളതെന്നും ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ‘സിപിഎമ്മിന്റെ ഇത്തരം പൊടിക്കൈയിലൊന്നും ലീഗ് പ്രവർത്തകരോ ഭാരവാഹികളോ വീഴില്ല. പിന്നെ സിപിഎമ്മിനു വെറുതെ ശ്രമിച്ചു നോക്കാമെന്നേ ഉള്ളൂ എന്നും സലാം പറഞ്ഞു.

സിപിഎം ആദ്യം അവരുടെ സമ്മേളനങ്ങളിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കട്ടെ. പ്രാദേശിക സമ്മേളനങ്ങൾ ചേർന്ന സ്ഥലത്തെല്ലാം അടി പൊട്ടി. പൊന്നാനി, എടപ്പാൾ, പാലക്കാട്, തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം തമ്മിൽത്തല്ലാണ് സമ്മേളനങ്ങളിൽ നടക്കുന്നത്. പുതുതായി പലരെയും പാർട്ടിയിൽ കൊണ്ടു വരാൻ ശ്രമിച്ചതും വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴയുന്നതുമാണു മിക്ക സ്ഥലങ്ങളിലും സംഘർഷത്തിൽ കലാശിച്ചത്.

സിപിഎമ്മിലേക്ക് ആളുകൾ വരുമ്പോൾ അവർ കൂടുതൽ പബ്ലിസിറ്റി കൊടുക്കുകയാണ്. സിപിഎമ്മിലേക്കു വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ സിപിഎമ്മിൽ നിന്നു സിപിഐയിലേക്കും കോൺഗ്രസിലേക്കും ലീഗിലേക്കും വരുന്നുണ്ട്. ഇതൊക്കെ മറച്ചു വച്ചാണു ഭരണത്തിന്റെ തണലിൽ പല വിധ ആനുകൂല്യങ്ങൾ കാട്ടി ആളുകളെ ചാടിക്കാൻ ശ്രമിക്കുന്നത്. എന്തായാലും മുസ്‍ലിം ലീഗിന് നിലവിൽ സിപിഎം ഒരു ഭീഷണിയല്ല. നേരത്തേ പല സമയങ്ങളിൽ ലീഗിൽനിന്നു വിട്ടു പോയവർ തന്നെ  ഇപ്പോൾ പാർട്ടിയിലേക്കു തിരിച്ചു വരാനുള്ള ശ്രമത്തിലാണെന്നും പി.എം.എ.സലാം പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here