5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എ.എം.ടി ഗിയർബോക്‌സുമായാണ് വാഹനം വരുന്നത്. അടിസ്ഥാന എൽഎക്സ്ഐ ട്രിമ്മിൽ ഒഴികെ മറ്റെല്ലാ വേരിയൻറുകളിലും എഎംടി ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായി മാരുതി അവകാശപ്പെടുന്നത് ഇന്ധനക്ഷമതയാണ്. സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്. ഇതെല്ലാമാണ് സെലേറിയോടെ മൈലേജ് രാജാവാക്കി മാറ്റുന്നത്.
അതിന്റെ വി.എക്സ്.െഎ എ.എം.ടി വേരിയൻറിന് 26.68kpl ഇന്ധനക്ഷമതയാണുള്ളതെന്ന് കമ്പനി പറയുന്നു. ഇന്ത്യയിൽ ഇന്നിറങ്ങുന്ന പെട്രോൾ ചെറുകാറുകളിൽ ഏറ്റവുംകൂടുതൽ ഇന്ധനക്ഷമത സെലേറിയോക്കാണെന്ന് പറയാം. ZXi, ZXi+ AMT എന്നിവ 26kpl മൈലേജ് നൽകും. LXi 25.24kpl നൽകും. VXi, ZXi, ZXI+ MT എന്നിവ 24.97kpl ഇന്ധനക്ഷമത നൽകും.
രൂപവും പ്രത്യേകതകളും
മുന്നിൽനിന്ന് നോക്കിയാൽ ആൾട്ടോ, വശങ്ങളാകട്ടെ എസ്പ്രെസ്സോക്ക് സമം, പിന്നിലെത്തിയാൽ സ്വിഫ്റ്റിന്റെ ഛായ, ആകെ മൊത്തം മാരുതി കാറുകളുടെ മിശ്രണമാണ് സെലേറിയോയുടെ രൂപത്തിൽ കാണുന്നത്. ഏതുതരത്തിൽ പറഞ്ഞാലും നിലവിലുള്ളതിനേക്കാൾ ‘മെന’യായിട്ടുണ്ട് പുതുതലമുറ സെലേറിയോ. മൾട്ടി സ്പോക് അലോയ് വീലുകളും ബോഡി കളർ ഡോർ ഹാൻഡിലുകളും ആകർഷകമാണ്. പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ് ലഭിക്കും. ബമ്പറിലെ റിഫ്ലക്ടറുകളുമായി സംയോജിപ്പിച്ച പാർക്കിങ് സെൻസറുകളുമുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ റിയർ വൈപ്പർ, ഡീഫോഗർ, വിൻഡ്‌സ്‌ക്രീൻ വാഷർ എന്നിവയും ലഭിക്കുന്നു.
ഉള്ളിലെത്തിയാൽ, കറുപ്പാണ് പ്രധാന നിറം. പുഷ്ബട്ടൻ സ്റ്റാർട്ടും, ടച്ച് സ്ക്രീനും, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളും, ഹെഡ്റെസ്റ്റ് ചേർന്നുവരുന്ന സ്പോർട്ടി സീറ്റുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. ഇരട്ട അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ അത്യാവശ്യ വിവരങ്ങൾ ലഭിക്കും. മാരുതിയുടെ ഉയർന്ന മോഡലുകളിൽ വരുന്ന ഇൻഫോൈടൻമെന്റ് സിസ്റ്റമാണ് സെലേറിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.