സംസ്ഥാന ഖജനാവിന് മികച്ച മൈലേജ്; ഇന്ധന നികുതിയായി ദിവസവും എത്തുന്നത് 24 കോടി രൂപ

0
365

കൊച്ചി∙ കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനു ശേഷം കേരളത്തിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത് ഏകദേശം 25 രൂപ. ഡീസലിന് 18 രൂപയും. പ്രതിദിനം വിൽക്കുന്ന 51 ലക്ഷം ലീറ്റർ പെട്രോൾ വഴി കേരളത്തിന് ഒരു ദിവസം ലഭിക്കുന്ന വിൽപന നികുതി വരുമാനം ഏകദേശം 12 കോടി 75 ലക്ഷം രൂപയാണ്. 63 ലക്ഷം ലീറ്റർ ഡീസൽ വിൽക്കുമ്പോൾ 11കോടി 34 ലക്ഷം രൂപയും. മൊത്തം 24 കോടിയിലധികം രൂപ ദിവസവും ഇന്ധന നികുതിയായി സർക്കാരിന്റെ ഖജനാവിലേക്ക് എത്തും. ഒരു ലീറ്റർ പെട്രോൾ അടിക്കുമ്പോൾ കേരളത്തിൽ  50 രൂപയിലധികമാണ് ജനം ഇപ്പോഴും നികുതികളായി നൽകുന്നത്. ഡീസൽ വിലയിൽ നൽകുന്ന നികുതികൾ 40 രൂപയ്ക്ക് അടുത്തും.

വിലയും നികുതി ഘടനയും:

∙ക്രൂഡ് വില 39.4 രൂപ

∙പ്രോസസിങ് ഉൾപ്പെടെയുള്ള ചെലവുകൾക്കു ശേഷമുള്ള പെട്രോൾ വില– 48.23 രൂപ

∙കേന്ദ്ര നികുതി– 27.90  രൂപ

∙ഡീലർ കമ്മിഷൻ– 3.85 രൂപ

∙സംസ്ഥാന നികുതി– 25.24 രൂപ

∙പെട്രോൾ വില– 105.22 രൂപ

∙പ്രോസസിങ് ഉൾപ്പെടെയുള്ള ചെലവുകൾക്കു ശേഷമുള്ള ഡീസൽ വില– 49.61

∙കേന്ദ്ര നികുതി– 21.80 രൂപ

∙ഡീലർ കമ്മിഷൻ– 2.58 രൂപ

∙സംസ്ഥാന നികുതി– 17.99 രൂപ

∙ഡീസൽ വില– 91.98 രൂപ

(അടിസ്ഥാനം: നവംബർ 4ലെ ഐഒസിഎൽ വില)

5 ദിവസമായി വിലയിൽ മാറ്റമില്ല

എക്സൈസ് നികുതി കുറച്ച 4 മുതൽ ഇന്നലെ വരെ ഇന്ധന വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാസം 23 തവണയും ഈ മാസം 3 തവണയുമാണ് വില കൂട്ടിയത്. അതേസമയം ബ്രെന്റ് ക്രൂഡ് ഓയിൽ വില നിലവിൽ 83 ഡോളറിനു മുകളിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here