‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി അവനെ തല്ല്’; യുവമോര്‍ച്ചയുടെ ‘കൊട്ടാരക്കര ഓട്ടം’ വൈറല്‍

0
383

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കരയിലെ മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍മീഡിയ. എക്കാലത്തും പരിഹാസ്യത്തോടെ പറയുന്ന എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ ലോകം സംഭവത്തെ ആഘോഷിക്കുന്നത്. കൊട്ടാരക്കര ഓട്ടം എന്നാണ് സൈബര്‍ സിപിഐഎം യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്.

ഇതിനിടെ പൊലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും വൈറലാണ്. ‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്’, ‘കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.’ എന്നും ചില പ്രവര്‍ത്തകര്‍ ദയനീയമായി പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം. ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പൊലീസിന് നേരെ തുടര്‍ച്ചയായി കല്ലേറ് നടന്നു. ഇതോടെയാണ് ബാരിക്കേഡ് മാറ്റി, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത്. പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here