ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പെര്‍ഫ്യൂം പുറത്തിറക്കി സമാജ്വാദി പാര്‍ട്ടി. കന്നൗഡ് എം.എല്‍.സി പമ്മി ജെയ്നാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്.
ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്‍ഫ്യൂം പുറത്തിറക്കുന്നത്. എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്നമായ സൈക്കിളും ബോട്ടിലിലുണ്ട്.
ജനങ്ങള്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ നാട്ടില്‍ സോഷ്യലിസത്തിന്റെ മണം വ്യാപിക്കും എന്നാണ് ജെയ്ന്‍ പറയുന്നത്. ഈ പെര്‍ഫ്യൂം 2022 ല്‍ വിദ്വേഷത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 12 നാണ് സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് പ്രചരണം ആരംഭിച്ചത്. സംസ്ഥാനത്തുടനീളം വിജയ് രഥയാത്രയും അഖിലേഷിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ബി.എസ്.പിയുമായും സഖ്യത്തിനില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ചെറുപാര്‍ട്ടികളുമായി മാത്രം സഖ്യം ചേരാനാണ് എസ്.പി ശ്രമിക്കുന്നത്.
അമ്മാവന് ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി ലോഹ്യയെ ഒപ്പം നിര്‍ത്താനും അഖിലേഷ് ശ്രമിക്കുന്നുണ്ട്.
ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ഏത് വിധേനയും തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
മറുവശത്ത് കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി പാര്‍ട്ടികള്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് വെവ്വേറെയാണ് മത്സരിക്കുന്നത്.