വീണ്ടും അദ്ഭുതം സൃഷ്ടിച്ച് യുഎഇ,​ മുസ്ലിങ്ങളല്ലാത്തവർക്ക് പുതിയ നിയമം,​ പ്രത്യേക കോടതി

0
421

അബുദാബി: ലോകത്തെ അദ്ഭുത നഗരമായാണ് യു.എ.ഇയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്കും പ്രയോജനപ്പെടുന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് യു.എ.ഇ. മുസ്ലിം രാജ്യമായ യു.എ.ഇയില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

അബുദാബി ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്ൽ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തി നിയമങ്ങള്‍ പ്രത്യേകമായി പരിഗണിക്കും. വിചാരണ നടക്കുന്നത് പ്രത്യേക കോടതിയിലായിരിക്കും. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത് തുടങ്ങി വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ മതശാസനകള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുമെന്നാണ് സൂചന. ഇതിന് വേണ്ടി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക കോടതി സ്ഥാപിച്ചു. ഇവിടെ മുസ്ലിങ്ങളല്ലാത്തവരുടെ കേസുകള്‍ മാത്രമേ പരിഗണിക്കൂ. അറബിയിലും ഇംഗ്ലീഷിലുമായിട്ടായിരിക്കും കേസ് കേൾക്കുക.

വിദേശികള്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതിനും സുതാര്യതയ്ക്കും വേണ്ടിയാണ് അറബിക്ക് പുറമെ ഇംഗ്ലീഷും കോടതി വ്യവഹാരത്തിന് വേണ്ടി ഉള്‍പ്പെടുത്തിയത്. 20 വകുപ്പുകളാണ് പുതിയ നിയമത്തിലുള്ളത്. ഇ വിവാഹ മോചനം, സിവില്‍ വിവാഹം, കുട്ടികളുടെ നിയന്ത്രണം, പാരമ്പര്യ സ്വത്ത് തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

പുതിയ നിയമം ആഗോളതലത്തില്‍ യു.എ.ഇയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. വിദേശികളെ കൂടുതലായി യു,​എ,​ഇയിലേക്ക് ആകര്‍ഷിക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അമുസ്ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. ഇത്രയും സൂതാര്യമായ നിയമ വ്യവസ്ഥ ലോകത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here